മദ്യനയം മാപ്പർഹിക്കാത്ത ജനവഞ്ചന; വി എം സുധീരൻ

മദ്യനയം മാപ്പർഹിക്കാത്ത ജനവഞ്ചന; വി എം സുധീരൻ
മദ്യനയം മാപ്പർഹിക്കാത്ത ജനവഞ്ചന; വി എം സുധീരൻ

തിരുവനന്തപുരം: പ്രകടന പത്രികയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ തകിടം മറിച്ചുകൊണ്ടാണ് പിണറായി സർക്കാർ മദ്യനയം തയ്യാറാക്കിയതും അതു മുന്നോട്ടുകൊണ്ടുപോകുന്നതുമെന്ന് മുൻ കെപിസിസി പ്രസി‍ഡണ്ട് വിഎംസുധീരൻ. മദ്യം കേരളത്തിൽ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ടെന്നും മദ്യത്തിൻറെ ഉപയോഗവും ലഭ്യതയും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുകയെന്നുമായിരുന്നു മാനിഫെസ്റ്റോയിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ്. ഇതിൻറെ തുടർച്ചയായി മദ്യവർജ്ജനമാണ് തങ്ങളുടെ നയമെന്ന് ഇടതുമുന്നണി നേതാക്കളും സർക്കാർ വക്താക്കളും ആവർത്തിക്കാറുമുണ്ട്.

ഇങ്ങനെയെല്ലാം പറഞ്ഞവരാണ് മദ്യശാലകൾ വ്യാപകമാക്കിയതും ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതും. ഇതിലൂടെ മാപ്പർഹിക്കാത്ത ജനവഞ്ചനയാണ് ഇടതുമുന്നണിസർക്കാർ നടത്തിവരുന്നത്. പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് കേവലം 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920 നുമേൽ കവിഞ്ഞിരിക്കുന്നു. ബെവ്‌കോയുടെയും കൺസ്യുമർഫെഡിന്റെയും 306 ഔട്ട്‌ലെറ്റുകൾക്ക് പുറമെയാണിത്.

ചീഫ് സെക്രട്ടറി തലത്തിലുള്ള ചർച്ചയും അതിൻറെ തുടർച്ചയായി ടൂറിസം വകുപ്പ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ബാറുടമകളുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്തിയിരുന്നതായി മാധ്യമങ്ങൾതന്നെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ബാറുടമകളുടെ സംഘടനായോഗവും അതിന്റെ ഭാഗമായിവന്ന കോഴയുമായി ബന്ധപ്പെട്ട ശബ്ദരേഖാ റിപ്പോർട്ടുകളും.

ഈ പശ്ചാത്തലത്തിലാണ് മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് എക്‌സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ വന്നിട്ടുള്ളത്.സത്യവുമായി പുലബന്ധംപോലുമില്ലാത്ത പ്രസ്താവനകൾ നടത്തിയ ഈ മന്ത്രിമാരുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.എക്‌സൈസ് മന്ത്രിതന്നെ ഡി.ജി.പി.ക്ക് പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിന് യാതൊരു വിശ്വാസ്യതയുമില്ല. സത്യം പുറത്തുവരണം. അതിന് സി.ബി.ഐ. അന്വേഷണം തന്നെയാണ് അനിവാര്യമായിട്ടുള്ളതെന്നും വിഎം സുധീരൻ പ്രസ്താവനയിൽ പറഞ്ഞു

Top