ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ത്തിയെടുക്കാതെ വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയെ കാവിവത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനം. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവര്‍ണറുടെ നാമനിര്‍ദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഹ്യുമാനിറ്റീസ്, ഫൈന്‍ആര്‍ട്‌സ്, സയന്‍സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത്.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ എബിവിപി പ്രവര്‍ത്തകരാണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സര്‍വകലാശാലാ റജിസ്ട്രാര്‍ സെനറ്റിലേക്ക് നല്‍കിയ പട്ടികയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഗവര്‍ണറുടെ നാമനിര്‍ദേശം റദ്ദാക്കിയത്. ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം സെനറ്റിലേക്കുള്ള സര്‍ക്കാരിന്റെ മൂന്ന് നാമനിര്‍ദേശം ഹൈക്കോടതി ശരിവെച്ചു.