ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം ഇന്ന്

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം ഇന്ന്
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം ഇന്ന്

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജനാസ നമസ്കാരത്തിനു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നൽകി. ഇന്നു രാവിലെ ബിർജന്ദിൽ എത്തിക്കുന്ന മൃതദേഹം പുണ്യനഗരമായ മാഷ്ഹദിലെ ഇമാം റേസ പള്ളിയിൽ പ്രാർഥനാച്ചടങ്ങുകൾക്കു ശേഷം വൈകിട്ടു കബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റഈസിക്ക് അന്ത്യോപചാരം അർപ്പിച്ചിരുന്നു.

ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മഖ്ബേർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ടെഹ്റാൻ സർവകലാശാലയിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗോചിങ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇറാൻ നിർലോഭം പിന്തുണച്ച ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയും റഈസിക്കു വിടചൊല്ലാനെത്തി. വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയൻ അടക്കം 9 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റർ വനമേഖലയിലെ മലമ്പ്രദേശത്ത് തകർന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാൻ യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാൻ സർക്കാർ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Top