തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. സഭ നടത്തിപ്പിന് രണ്ട് കോടി അനുവദിച്ചുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി. നാലാമത് ലോക കേരള സഭ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാവും നടക്കുക. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും ലോക്‌സഭയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുക. കേരളത്തിന്റെ വികസന കാര്യങ്ങളും ഭാവി സാധ്യതകളും അജണ്ടയായിട്ടുള്ള സഭയില്‍ ഇന്ത്യക്ക് പുറത്ത് നിന്നുള്ള ക്ഷണിക്കപ്പെട്ട വിവിധ മേഖലകളില്‍ നിന്നുള്ള 351 പ്രതിനിധികളുമുണ്ടാകും.
ലോക കേരള സഭയുടെ വേദിയും വഴിയും അലങ്കരിക്കാന്‍ 35 ലക്ഷവും പബ്ലിസിറ്റിക്ക് അഞ്ചു ലക്ഷവും വിനിയോഗിക്കും. പരിപാടിയിലേക്ക് വരുന്ന അതിഥികള്‍ക്ക് വിമാന സൗകര്യം ഏര്‍പ്പെടുത്തടുന്നതിന് അഞ്ചു ലക്ഷം നീക്കി വെച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ മറ്റ് പൊതുചിലവിലേക്ക് ഒരു കോടിയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 ലക്ഷവും നീക്കി വെച്ചു. സഭയുടെ നടത്തിപ്പ് ചുമതലയുള്ള സെക്രട്ടറിയേറ്റിന് 50 ലക്ഷവും സഭയിലെ ശുപാര്‍ശ നടപ്പിലാക്കാന്‍ 50 ലക്ഷവും നീക്കി വെച്ചതായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ആകെ രണ്ട് കോടി അനുവദിച്ചതില്‍ ഭക്ഷണത്തിന് പത്ത് ലക്ഷവും താമസത്തിന് 25 ലക്ഷവും മാറ്റിവെച്ചു.