ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല; ആംഗ്ലിക്കന്‍ സഭാ തലവന്‍ രാജിവച്ചു

പീഡനത്തെക്കുറിച്ച് 2013ല്‍ അറിഞ്ഞിട്ടും ആര്‍ച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല; ആംഗ്ലിക്കന്‍ സഭാ തലവന്‍ രാജിവച്ചു
ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ല; ആംഗ്ലിക്കന്‍ സഭാ തലവന്‍ രാജിവച്ചു

ലണ്ടന്‍: ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. 1970കളുടെ അവസാനവും 1980കളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാംപില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികളെ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്ത് ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത വിഷയം കൈകാര്യം ചെയ്തതില്‍ സഭയ്ക്ക് വീഴ്ചയുണ്ടായെന്ന് ആര്‍ച്ച് ബിഷപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എഴുപതുകളിലെ ക്യാംപിന് നേതൃത്വം നല്‍കിയത് ആര്‍ച്ച് ബിഷപ് ആയിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാന്‍ സഭ അനുമതി നല്‍കിയെന്നും തുടര്‍ന്ന് സിംബാബ്വേയിലും ദക്ഷിണാഫ്രിക്കയിലും പോയ സ്മിത്ത് അവിടെയും ബാലപീഡനം തുടര്‍ന്നുവെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. പീഡനത്തെക്കുറിച്ച് 2013ല്‍ അറിഞ്ഞിട്ടും ആര്‍ച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പീഡനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ആര്‍ച്ച് ബിഷപ് വിശദീകരിച്ചത്.

ബ്രിട്ടന്‍, സിംബാബ്വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 130ലേറെ കുട്ടികളാണ് സ്മിത്തിന്റെ പീഡനങ്ങള്‍ക്ക് ഇരയായത്. ഇയാള്‍ കഴിഞ്ഞവര്‍ഷം മരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കല്‍ സഭയ്ക്കുള്ളിലും വില്‍ബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങള്‍ നിവേദനം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.

Top