ഇസ്രയേല്‍ ആക്രമണം ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പാടെ തകര്‍ത്ത ഗാസ വലിയ മാനുഷിക ദുരന്തം നേരിടുമെന്ന് മുന്നറിപ്പ്. ഗാസയിലെ ആശുപത്രി സംവിധാനങ്ങള്‍ സങ്കല്‍പ്പിക്കാനാകാത്ത വിധം പ്രതിസന്ധിയിലെത്തിയതായി എമര്‍ജെന്‍സി മെഡിക്കല്‍ ടീം വെളിപ്പെടുത്തുന്നു. ഗുരുതരമായ മുറിവുകള്‍ ചികിത്സിക്കാതെ തുടരുന്നു, ശസ്ത്രക്രിയക്കും മറ്റ് കാര്യങ്ങള്‍ക്കുമായി അടിസ്ഥാനപരമായ മെഡിക്കല്‍ വസ്തുക്കള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലേക്ക് മേഖല എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായി ഖാന്‍ യുനിസിന് സമീപമുള്ള യൂറോപ്യന്‍ ആശുപത്രിയിലേക്ക് മൂന്ന് എയ്ഡ് ഗ്രൂപ്പുകള്‍ ചേര്‍ന്ന അയച്ച മെഡിക്കല്‍ ടീമാണ് വിവരങ്ങള്‍ പങ്കുവെച്ചത്.അധിനിവേശ മേഖലകളിലെ പലസ്തീനികളെ പിന്തുണച്ച ഐക്യരാഷ്ട്ര സഭയുടെ റിലീഫ് വര്‍ക്ക്സ് ഏജന്‍സിയുമായി (യുഎന്‍ഐഡബ്ല്യുഎ) ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഇസ്രയേല്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ആശുപത്രികളിലെ ഗുരുതരം സാഹചര്യം പുറത്തുവന്നത്. പ്രസ്താവനയിലൂടെയാണ് മെഡിക്കല്‍ ടീം ഇക്കാര്യങ്ങള്‍ പുറംലോകത്ത് എത്തിച്ചത്.
ആരോഗ്യപ്രവര്‍ത്തകരെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ അവര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു. ഇസ്രയേലിന്റെ നിയന്ത്രണങ്ങളാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്. സഹായത്തില്‍ ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഗാസയിലെ ആരോഗ്യ മേഖലയില്‍ സംഭവിച്ചിരിക്കുന്നത് മനുഷ്യ നിര്‍മ്മിത പ്രതിസന്ധിയാണെന്ന കടുത്ത വിമര്‍ശനവും യുഎന്‍ പ്രതിനിധികള്‍ കഴിഞ്ഞ വാരം ഉന്നയിച്ചിരുന്നു.ഗാസയിലെ മുഴുവന്‍ ജനങ്ങളുടെ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നതെന്ന് സഹായമെത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 12 ആശുപത്രികള്‍ മാത്രമാണ് നിലവില്‍ ഭാഗീകമായിട്ടെങ്കിലും പ്രവര്‍ത്തിക്കുന്നത്. . ഗാസ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മുപ്പത്തിരണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ക്രൂരതയ്ക്ക് ഇരയായവരില്‍ പ്രധാനമായും സ്ത്രീകളും കുട്ടികളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കേസുകളില്‍ പോലും അണുബാധ മൂലം രോഗികള്‍ മരിച്ചതായി എമര്‍ജെന്‍സി ടീമിലുള്‍പ്പെട്ട ശസ്ത്രക്രിയ വിദഗ്ദര്‍ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് ആവശ്യമായ പരിചരണം നല്‍കാനുള്ള സാഹചര്യം ആശുപത്രികള്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഇന്റര്‍നാഷണല്‍ റെസ്‌ക്യു കമ്മിറ്റിയുടെ ഗാസ ടീം ലീഡറായ അരവിന്ദ് ദാസ് ഡോ. കോണ്‍സ്റ്റാന്റിനയുടെ സമാന അഭിപ്രായമാണ് പങ്കുവെച്ചത്. ‘പറഞ്ഞ് മനസിലാക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യമാണ് നേരിടുന്നത്. ആശുപത്രികള്‍ക്ക് സമീപമുള്ള ഇസ്രയേലിന്റെ ആക്രമണം കൂടുതല്‍ ദുരവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. ആശുപത്രികളുടെ ചികിത്സ സംവിധാനത്തെ പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്,’ അരവിന്ദ് ദാസ് പറഞ്ഞു.