ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത് ഡബ്ല്യുസിസി നിർദേശിച്ചവരുടെ മൊഴി; കുക്കു പരമേശ്വരൻ

ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത് ഡബ്ല്യുസിസി നിർദേശിച്ചവരുടെ മൊഴി; കുക്കു പരമേശ്വരൻ
ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത് ഡബ്ല്യുസിസി നിർദേശിച്ചവരുടെ മൊഴി; കുക്കു പരമേശ്വരൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത് ഡബ്ല്യുസിസി ശുപാർശ ചെയ്തവരുടെ മൊഴിയെന്ന് കുക്കു പരമേശ്വരൻ. ‘മലയാള സിനിമയിൽ ആകെ 62 പേരല്ലലോ ഉള്ളത്. അമ്മ എന്ന സംഘടനയിൽ 200ഓളം സ്ത്രീകളുണ്ട്. അവരിൽ ഒരാളെയും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ശുപാർശ ചെയ്തവരുടെ മൊഴിയാണ് ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത്. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ സ്വതന്ത്രമായാണ് പ്രവർത്തിച്ചതെന്നും മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ കുക്കു പരമേശ്വരൻ പറ‌ഞ്ഞു.

കുറ്റാരോപിതരുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് പുറത്തുവന്നത്. പരാതിയുള്ളവർ പേരുകൾ തുറന്ന് പറയണമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ഇനിയും മറയ്ക്ക് പിന്നിൽ നിൽക്കേണ്ടതില്ല. ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്ന് പറയാൻ അവർ തയ്യാറായി. അത് ലോകം അറിഞ്ഞു കഴിഞ്ഞു. ഇനി ആരാണെന്നതിനെക്കുറിച്ച് തുറന്ന് പറയണമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. ആരോപിക്കുന്നയാൾക്ക് പറയാനുള്ള അവസരം കിട്ടിയിട്ടില്ല. അത് ഹേമ കമ്മിറ്റി കേട്ടിട്ടില്ല. അത് ഇന്ത്യൻ ഭരണഘടനയിലുണ്ട്.

14വർഷം അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരുന്നയാളാണ്. ഈ കാലയളവിൽ ഒരു പരാതിയും വന്നിട്ടില്ല. മറ്റു എവിടെങ്കിലും പറയുന്നത് അല്ല പരാതി. അത് പരാതിയായി എടുക്കാൻ പറ്റില്ല. അമ്മയുടെ ഐസിസിയിൽ വന്നത് ആകെ ഒരു പരാതിയാണ്. അത് വളരെ ആത്മവിശ്വാസത്തോടെയാണ് ഏറ്റെടുത്തത്. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ഹേമ കമ്മിറ്റിക്ക് തെളിയിക്കാൻ ആകില്ലലോ. ഇന്നലെ വരെ നടന്ന കാര്യം ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. നാളെ എന്താണെന്ന് ആണ് തീരുമാനിക്കേണ്ടത്.

നീതി കിട്ടാത്തവർക്ക് നീതി ലഭ്യമാക്കണം. നാളെ ഇത്തരം കാര്യങ്ങൾ ഇല്ലാതെ നോക്കേണ്ടതുണ്ട്. സിനിമ മേഖല ഒരു തൊഴിലിടമാണ്. പുതിയ തലമുറ അവിടേക്ക് വരുന്നതാണ്. നല്ല നാളേക്കായി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകണം. ഇത്തരത്തിൽ പ്രശ്ന പരിഹാരത്തിനായാണ് കോൺക്ലേവ്. ഒന്നിച്ച് മുന്നോട്ട് പോകുന്നതിനാണ് കോൺക്ലേവെന്നും കുക്കു പരമേശ്വരൻ പറഞ്ഞു. തെളിവുകൾ സംബന്ധിച്ച് സർക്കാർ നോക്കും. ഇത്രയും പണം മുടക്കി കമ്മിറ്റിയെ നിയോഗിച്ച സർക്കാർ അക്കാര്യങ്ങളും നോക്കുമെന്നും കുക്കു പരമേശ്വരൻ പറഞ്ഞു.

Top