പത്തനംതിട്ട: ഏതൊരു സ്ത്രീയെ സംബന്ധിച്ചും വേദന ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൊഴികള്‍ തെളിയിക്കുന്നത് അവര്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നാണ്. സിനിമ മേഖല സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമായ ഇടമാകണം. അതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
സിനിമ മേഖലയിലെ യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും വീണ ജോര്‍ജ് വിമര്‍ശിച്ചു. പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ തിരുത്തപ്പെടണം. ഇതിനായി എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈ ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം പരാമര്‍ശങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. സിനിമ മേഖലയില്‍ ഒരു മാറ്റം ഉണ്ടായേ പറ്റൂ.
സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതും സര്‍ക്കാര്‍ നയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസാധുത പരിശോധിച്ച് നടപടികള്‍ എടുക്കും. വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ടും അതീവ ഗൗരവമുള്ളതാണ്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷാ സിനിമകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ഒരു മാറ്റത്തിനാണ് മലയാളം തുടക്കമിടുന്നത്. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ഒരുപാട് സഹായകരമായി.
ലിംഗഭേദമന്യേ എല്ലാ താരങ്ങളുടെയും പിന്തുണ ഒരു മാറ്റത്തിനു വേണ്ടി ലഭിക്കുന്നുണ്ട്. വലിയ മാറ്റത്തിനുള്ള ഒരു അടിസ്ഥാനമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യുന്നതിനുള്ള ഇടമാകണം സിനിമ മേഖല. ക്യാമറയ്ക്ക് പിന്നിലും സ്ത്രീ പ്രാതിനിധ്യമുണ്ട്. വനിതാ ടെക്നീഷ്യന്മാരും സിനിമയിലേക്ക് കടന്നു വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സഹികെട്ട് ഒരു സിനിമാതാരം സിനിമ മേഖല വിട്ടുപോയി എന്ന് പറയുന്നത് കേട്ടു. പ്രതിഭാധനരായ ആളുകള്‍ക്ക് സ്ത്രീ പുരുഷ ഭേദമെന്യേ ഭയമില്ലാതെ സിനിമയില്‍ ജോലിചെയ്യാന്‍ പറ്റണം. മലയാള സിനിമ മറ്റ് ഭാഷ സിനിമകള്‍ക്ക് മാതൃകയാകണം. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിച്ചേ പറ്റൂ. നിശബ്ദരായി നില്‍ക്കുന്ന ഒരു വിഭാഗത്തെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും. സിനിമ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. പുതിയ സിനിമാ നയം സര്‍ക്കാര്‍ ഉറപ്പായും തയ്യാറാക്കും. ഏതൊക്കെ സ്ഥലത്താണോ സിനിമാ ഷൂട്ടിംഗ് നടക്കുന്നത് അതെല്ലാം നിയമപരിധിയില്‍ കൊണ്ടുവരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.