എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഹർജി അപക്വമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് തള്ളിയത്

എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ  പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി
എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ  പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ തള്ളി. ഹർജി അപക്വമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് തള്ളിയത്. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങളാണു വെളിപ്പെടുത്തിയിരിക്കുന്നതെന്നും അതോടൊപ്പം പൊലീസ് വകുപ്പിൽ നടക്കുന്ന ക്രമക്കേടുകളും പുറത്തുവന്നതിൽ ഉൾപ്പെടുമെന്നും ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ജോർജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതെന്നും അവർ ആദ്യത്തെ യോഗം പോലും ചേരുന്നതിനു മുമ്പാണ് അന്വേഷണം ശരിയല്ലെന്ന് ആരോപിച്ചുള്ള ഹർജിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതു വെറും പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും അപക്വമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു എന്നാൽ കഴിഞ്ഞ മാസം 30 മുതൽ ആരോപണങ്ങൾ പുറത്തുവരുന്നുണ്ടെന്നും ഇതുവരെയും കാര്യമായ നടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹർജിയെന്നും വാദിച്ചെങ്കിലും കോടതി ഇതു തള്ളി തുടർന്ന് പൊതുതാൽപര്യ ഹർജി തള്ളുകയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കുകയായിരുന്നു.

Also read: മരംമുറി കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്ത്

തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മലപ്പുറം എസ്‌പി സുജിത് ദാസ് പി.വി.അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലുകൾ, സ്വർണ്ണക്കടത്തിൽ അജിത് കുമാറിനും സുജിത് ദാസിനുമുള്ള പങ്കിനെക്കുറിച്ച് അൻവറിൻ്റെ ആരോപണം, തിരുവനന്തപുരം കവടിയാറിൽ അജിത് കുമാറിൻ്റെ വീടു നിർമാണം, മന്ത്രിമാരുടേയും മറ്റു രാഷ്ട്രീയക്കാരുടെയും ഫോൺ കോളുകൾ അജിത് കുമാർ അനധികൃതമായി ചോർത്തുന്നുവെന്ന അൻവറിൻന്റെ ആരോപണം, 2023ൽ റിദാൻ ബേസിലിൻ്റെ കൊലപാതകത്തിൽ അജിത് കുമാറിന് ബന്ധമുള്ളവരുണ്ടെന്ന അൻവറിന്റെ ആരോപണം, കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനം, പി.ശശിയുടെ വലംകൈയാണ് അജിത് കുമാർ എന്ന സുജിത് ദാസിന്റെ വെളിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചുണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നായിരുന്നു ഹർജി. ആരോപണങ്ങൾ പുറത്തു വന്നതിനു ശേഷം അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചിരുന്നു.

Top