16 കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കന്‍ ഉത്തരവ്

കാമുകന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്.

16 കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കന്‍ ഉത്തരവ്
16 കാരിയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതെ ഹൈക്കോടതി; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കന്‍ ഉത്തരവ്

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 16 വയസ്സുകാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ഗര്‍ഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. പ്രസവശേഷം കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കാമുകന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗര്‍ഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കള്‍ ഈ മാസം 22ന് ഹൈക്കോടതിയെ സമീപിച്ചു. അപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ചയും 5 ദിവസവും ആയിരുന്നു പ്രായം.

പ്രത്യുല്‍പാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗര്‍ഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതി.

പ്രത്യേക സാഹചര്യങ്ങളില്‍ വിദഗ്ധ മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താം എന്നാണ് നിയമം. സ്ത്രീയുടെ ശരീരത്തിന്മേല്‍ അവര്‍ക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗര്‍ഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തില്‍ ആരാഞ്ഞു.

കാരണം, ഗര്‍ഭസ്ഥ ശിശു 26 ആഴ്ച പിന്നിട്ടിരിക്കുന്നു എന്നതും ജീവനോടെയേ പുറത്തെടുക്കാന്‍ സാധിക്കൂ എന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പ്രസവം ശാരീരികവും മാനസികവുമായി ബാധിക്കുമെന്നു ബോര്‍ഡ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണു പ്രസവശേഷം കുട്ടിയെ ദത്തുനല്‍കാന്‍ അതിജീവിതയും മാതാപിതാക്കളും താല്‍പര്യപ്പെടുന്നു എങ്കില്‍ സര്‍ക്കാര്‍ അതിനുള്ള സൗകര്യം ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചത്.

Top