തീപിടുത്തത്തിൽ മരണപ്പെട്ട നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്

ആശുപത്രിയിലെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പിടിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്

തീപിടുത്തത്തിൽ മരണപ്പെട്ട നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്
തീപിടുത്തത്തിൽ മരണപ്പെട്ട നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാറാണി ലക്ഷ്മി ഭായി ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ വെന്തുമരിച്ച നവജാത ശിശുക്കളുടെ ഡിഎന്‍എ പരിശോധന ഇന്ന്. തിരിച്ചറിയാനാകാത്ത കുട്ടികളുടെ പരിശോധനയാണ് നടത്തുക. കുട്ടികളുടെ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പത്ത് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് പേരെ തിരിച്ചറിയാനായിട്ടില്ല. ബാക്കി ഏഴ് കുഞ്ഞുങ്ങളെ ബന്ധുക്കള്‍ക്ക് കൈമാറി.

ആരോഗ്യവകുപ്പ് അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് സമിതിയിലുള്ളത്. സമിതി ഏഴ് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ആശുപത്രിയിലെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീ പിടിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Also Read:റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

സംഭവസമയത്ത് 49 കുട്ടികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. എന്നാൽ 18 കുട്ടികള്‍ക്ക് മാത്രമുള്ള ചികിത്സ സൗകര്യമേ ഐസിയുവില്‍ ഉണ്ടായിരുന്നുള്ളു. ആശുപത്രിയിലെ അഗ്നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. ജൂഡീഷ്യല്‍ അന്വേഷണം, പൊലീസ്-ഫയര്‍ഫോഴ്സ് അന്വേഷണം, ജില്ലാ കളക്ടറുടെ അന്വേഷണം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടറുടെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പരിക്കേറ്റ കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കും. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വാര്‍ത്ത കേട്ടതെന്നും കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ധൈര്യം നല്‍കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Top