CMDRF

‘വേട്ടക്കാല’ത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭം

കേന്ദ്രത്തിന്റെ വെബ്സൈറ്റിലും 'ഫിത്രി' എന്ന ആപ്പിലും വ്യക്തമാക്കിയിരിക്കുന്ന ഇനങ്ങളെ മാത്രമേ വേട്ടയാടാന്‍ പാടുള്ളൂ.

‘വേട്ടക്കാല’ത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭം
‘വേട്ടക്കാല’ത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭം

റിയാദ്: സൗദിയില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പക്ഷിമൃഗാദികളെ വേട്ടയാടാന്‍ അനുമതി. ജനുവരി 31 വരെയാണ് അഞ്ച് മാസം നീളുന്ന വേട്ടയാടല്‍ സീസണ് ദേശീയവന്യജീവി വികസനകേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതലാണ് ‘വേട്ടക്കാല’ത്തിന് ആരംഭം കുറിക്കുന്നത്. കേന്ദ്രത്തിന്റെ വെബ്സൈറ്റിലും ‘ഫിത്രി’ എന്ന ആപ്പിലും വ്യക്തമാക്കിയിരിക്കുന്ന ഇനങ്ങളെ മാത്രമേ വേട്ടയാടാന്‍ പാടുള്ളൂ. ഈ വെബ്‌സൈറ്റിലും ആപ്പിലും നിന്നാണ് വേട്ടയാടുന്നതിനുള്ള ലൈസന്‍സ് ലഭിക്കുക.

വേട്ടയാടാന്‍ ആഗ്രഹിക്കുന്നവരുടെ തോക്കുകള്‍ക്ക് ലൈസന്‍സുണ്ടായിരിക്കണം. അല്ലെങ്കില്‍ സൗദി ഫാല്‍ക്കണ്‍സ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത ഫാല്‍ക്കണ്‍ ഉടമകളായിരിക്കണം. എന്നാല്‍ അപൂര്‍വവും വന്യവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവര്‍ഗങ്ങളെ വേട്ടയാടുന്നതിന് അനുമതിയില്ല. അത്തരം ജീവികളെ വേട്ടയാടുന്നതിനെ പുര്‍ണമായും നിരോധിച്ചിരിക്കുകയാണ്. വേട്ടയാടല്‍ നിരോധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയ സ്ഥലങ്ങളില്‍ പക്ഷികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും വേട്ടയാടാനും പാടില്ല.

Also Read: അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ അടച്ചിടും

നഗരങ്ങള്‍, ഗ്രാമങ്ങള്‍, ഫാമുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയം, സൈനിക കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സുപ്രധാന സ്ഥാപനങ്ങള്‍ എന്നിവയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍ വേട്ടയാടലിന് നിരോധനമുണ്ട്. കരുതല്‍ ശേഖരങ്ങളുടെയും പ്രധാന പദ്ധതികളുടെയും അതിരുകള്‍ക്കുള്ളിലും രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ 20 കിലോമീറ്റര്‍ ചുറ്റളവിലും നിരോധനമുണ്ട്.

വേട്ടയാടുന്നതിന് അനുവദനീയമായ മാര്‍ഗങ്ങളെ ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്തവ ഉപയോഗിക്കലിനും നിരോധനമുണ്ട്. ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിച്ചുകൊണ്ട് വേട്ടയാടല്‍ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കണക്കിലെടുത്തുമാണ് പ്രഖ്യാപനമെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം വെളിപ്പെടുത്തി.

Top