വാഷിംഗ്ടണ്‍: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം അപ്രത്യക്ഷമായ സംഭവത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമില്ലായിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായ ഫ്ലൈറ്റ് എംഎച്ച് 370 ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇലോണ്‍ മസ്‌ക് ‘എക്സി’ല്‍ കുറിപ്പിട്ടത്. അപ്രത്യക്ഷമായ ഫൈലറ്റിന്റെ ഡ്രോണ്‍ വീഡിയോ ചൂണ്ടിക്കാട്ടി അന്യഗ്രഹ ജീവിയുടെ സാനിധ്യം പരാമര്‍ശിച്ച ഒരു ഉപയോക്താവിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. അന്യഗ്രഹജീവികളുടെ തെളിവുകളൊന്നും താന്‍ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വിമാനം ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ പറന്നുയര്‍ന്നപ്പോള്‍ ഏകദേശം 38 മിനിറ്റുകള്‍ക്ക് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എടിസി) അവസാനമായി ആശയവിനിമയം നടത്തി. വിമാനം എടിസി റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് മിനിറ്റുകള്‍ക്ക് ശേഷം നഷ്ടപ്പെടുകയായിരുന്നു.പറക്കുന്നതിനിടെ റഡാര്‍ സിഗ്നലുകളില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴും വ്യോമയാന രഹസ്യങ്ങളിലൊന്നായി തുടരുകയാണ്. നിരവധി സംശയങ്ങളും അനുമാനങ്ങളും ഉണ്ടായെങ്കിലും വിമാനത്തിന് എന്താണ് സംഭവിച്ചതെതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിനിടെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയും പരന്നിരുന്നു. എന്നാല്‍, കണ്ടെത്തിയത് മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 370 ന്റെ അവശിഷ്ടങ്ങള്‍ അല്ലെന്ന് പിന്നീട് അധികൃതരുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അന്യഗ്രഹജീവികളുടെ തെളിവുകളൊന്നും കണ്ടിട്ടില്ല, മറിച്ചായിരുന്നുവെങ്കില്‍ താന്‍ അതിനെക്കുറിച്ച് എക്‌സില്‍ തല്‍ക്ഷണം പോസ്റ്റ് ചെയ്യുമെന്നും മസ്‌ക് അറിയിച്ചു. ‘സ്‌പേസ് എക്‌സിന് ഏകദേശം 6,000 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലുണ്ട്, ഒരിക്കല്‍ പോലും നമുക്ക് അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബീജിംഗിലേക്ക് പറക്കുവെയാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്.