ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ബംഗാളില്‍ രാഷ്ട്രീയവിവാദം രൂക്ഷം

ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ബംഗാളില്‍ രാഷ്ട്രീയവിവാദം രൂക്ഷം
ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ബംഗാളില്‍ രാഷ്ട്രീയവിവാദം രൂക്ഷം

കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിനു സമീപം ദിവസങ്ങള്‍ക്കുള്ളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ബിജെപിയും രംഗത്തെത്തിയതോടെ സംഭവത്തില്‍ പുതിയ രാഷ്ട്രീയവിവാദവും തുടങ്ങിയിരിക്കുകയാണ്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിലെത്തി പ്രതിഷേധിച്ചു. തെളിവ് നശിപ്പിക്കാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുമാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്. പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് ഇടത് അനുകൂല ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. ഇത് ഒരാളുടെ മാത്രം ചെയ്തിയല്ലെന്ന് വ്യക്തമാണ്. കുടുംബത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടര്‍ സുബര്‍ണ ഗോസ്വാമി. സംഭവത്തില്‍ 31കാരനായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളല്ല യഥാര്‍ത്ഥ പ്രതിയെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ചെസ്റ്റ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ റസിഡന്റ് ഡോക്ടേഴ്‌സ് ഏരിയയും സ്ത്രീകള്‍ക്കായുള്ള ടോയ്‌ലെറ്റും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊളിച്ചു. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാരും മെഡിക്കല്‍ കോളേജ് അധികൃതരും ചേര്‍ന്ന് നടത്തുന്ന നീക്കമാണിത്. ഹീനമായ കുറ്റകൃത്യം ചെയ്തിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ കുടുംബാംഗങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞാനാവര്‍ത്തിച്ച് പറയുന്നു, പശ്ചിമബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

Top