CMDRF

ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ഇന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം

ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ഇന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം
ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ഇന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകള്‍ ഒഴികെയുള്ള മറ്റു ചികിത്സകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (FORDA) പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടു.

കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും പ്രതിഷേധക്കാര്‍ക്കും ഉറപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്.

പോലീസ് ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടവരുടെ പട്ടിക തയ്യാറാക്കി. അതേസമയം സെമിനാര്‍ ഹാളില്‍ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടര്‍ന്ന് സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സെമിനാര്‍ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയില്‍ വന്‍ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. സഞ്ജയ് നാല് തവണ വിവാഹം കഴിച്ചിരുന്നു. മൂന്ന് ഭാര്യമാരും ഇയാള്‍ക്കെതിരെ പീഡന പരാതി ഉന്നയിച്ചിരുന്നു. ഇങ്ങനെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ എങ്ങനെ ആശുപത്രിയില്‍ നിയമിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

Top