CMDRF

ബാറില്‍ മര്‍ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; രണ്ടുപേര്‍ പിടിയില്‍

ബാറില്‍ മര്‍ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; രണ്ടുപേര്‍ പിടിയില്‍
ബാറില്‍ മര്‍ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ; രണ്ടുപേര്‍ പിടിയില്‍

കടുത്തുരുത്തി(കോട്ടയം): ബാറില്‍ മര്‍ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കടുത്തുരുത്തി മഠത്തില്‍ വീട്ടില്‍ നിഖില്‍ സതീഷ്‌കുമാര്‍(34), മുട്ടുചിറ കണിവേലില്‍ സ്റ്റാനി ജോണ്‍(47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ അറസ്റ്റുചെയ്തത്.

രണ്ടാം പ്രതി സ്റ്റാനി ജോണ്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഓഫീസ് അസിസ്റ്റന്റാണ്. കടുത്തുരുത്തി പാലകര ചിത്താന്തിയേല്‍ സി.ടി.രാജേഷിനെ (53) ആണ് ശനിയാഴ്ച രാവിലെ 11-ന് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാജേഷിന്റെ തലയോട്ടിക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തലെന്ന് കടുത്തുരുത്തി സി.ഐ. ടി.എസ്.റെനീഷ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കേസിലെ രണ്ടാംപ്രതി സ്റ്റാനിക്ക് രാജേഷിന്റെ ഭാര്യ ഗൂഗിള്‍പേ വഴി പണം കൈമാറിയതാണ് തര്‍ക്കത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

രാജേഷ് വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് സുഹൃത്തായ സ്റ്റാനിയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വെളിയിലിറങ്ങിയ രാജേഷിനെ സ്റ്റാനിയും ഒന്നാംപ്രതി നിഖിലും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തലയടിച്ചുവീണ രാജേഷിന്റെ തലയോട്ടിക്ക് ക്ഷതവും തുടര്‍ന്ന് ആന്തരിക രക്തസ്രാവവും ഉണ്ടായി. മര്‍ദിച്ചവരും പരിസരത്തുണ്ടായിരുന്നവരുംചേര്‍ന്ന് രാജേഷിനെ പിന്നീട് ഓട്ടോറിക്ഷയില്‍ കയറ്റി കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടാന്‍ ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചെങ്കിലും ഇവര്‍ രാജേഷിനെ വീട്ടില്‍ കൊണ്ടുപോയി ആക്കി. ശനിയാഴ്ച രാവിലെ പതിനൊന്നോടെ സമീപവാസിയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി രാജേഷിന്റെ ജ്യേഷ്ഠന്‍ സുരേഷ് ശനിയാഴ്ച ആരോപിച്ചിരുന്നു. ബാറിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചു. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന രാജേഷ് വീട്ടില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. രാജേഷിന്റെ ഭാര്യ ഏറെക്കാലമായി മക്കളോടൊപ്പം ആലപ്പുഴയിലെ നെടുമുടിയിലായിരുന്നു താമസം. രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു.

Top