ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിച്ച് പൊലീസ്. ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് 29കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്. മഹാലക്ഷ്മിയുടെ ഒരു സഹപ്രവർത്തകനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞിട്ട് രണ്ട് ദിവസമായെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്തായ സഹപ്രവർത്തകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബംഗളൂരുവിനെയാകെ പിടിച്ചുകുലുക്കിയ ഈ കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ഒഡീഷ സ്വദേശിയായ യുവാവിനെ പൊലീസിന് സംശയമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മൂന്ന് പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു പോലീസിൻറെ രണ്ട് സംഘങ്ങൾ പശ്ചിമ ബംഗാളിലേക്കും ഒഡീഷയിലേക്കും തിരിച്ചു.
സെപ്തംബർ 21നാണ് ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ പല ഭാഗങ്ങളായി മുറിച്ച നിലയിൽ മഹാലക്ഷ്മി എന്ന 26കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞു.
Also read: വീട്ടിൽ വച്ച് ഗർഭച്ഛിദ്രം; 24കാരിക്ക് ദാരുണാന്ത്യം
പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം. ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞു.
മഹാലക്ഷ്മിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഹേമന്ത് ആരോപിച്ചു. അയാളാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകിയെ തിരിച്ചറിഞ്ഞു എന്ന് മാത്രമേ പൊലീസ് പറഞ്ഞിട്ടുള്ളൂ. ആരാണെന്നോ എന്താണ് കൊലയ്ക്ക് കാരണമെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.