മുംബൈ: ഇന്ത്യൻ ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് കൽക്കി 2898 എഡി. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര കളക്ഷൻ നേടി. വെള്ളിയാഴ്ചത്തെ കളക്ഷൻ വച്ച് നോക്കുമ്പോൾ 106 ശതമാനം വർദ്ധനവാണ് റിലീസ് ചെയ്ത് പത്താം ദിവസം കൽക്കി നേടിയത് എന്നാണ് ബോക്സോഫീസ് ട്രാക്കിംഗ് റിപ്പോർട്ടുകൾ പറയുന്നത്.
ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് ഹിന്ദിയിൽ നിന്നാണ് കൂടുതൽ കളക്ഷൻ നേടിയത്. 34.45 കോടിയാണ് കൽക്കിയുടെ പത്താം ദിവസത്തിലെ ഇന്ത്യൻ കളക്ഷൻ. തെലുങ്ക് – 11 കോടി, ഹിന്ദി – 18 കോടി, കന്നഡ 0.45 കോടി, തമിഴ് 3 കോടി, മലയാളം 1.5 കോടി എന്നിങ്ങനെയാണ് കളക്ഷൻ. ഇതോടെ ഇന്ത്യയിൽ കൽക്കി 466 കോടി നേടിയെന്നാണ് ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റ് സാക്നിൽക്.കോം പറയുന്നത് തെലുങ്ക് 228.65 കോടി, തമിഴ് 27.1 കോടി, ഹിന്ദി 190 കോടി, മലയാളം 16.4 കോടി, കന്നഡ 3.45 കോടി എന്നിങ്ങനെയാണ് ഇതിൻറെ വേർതിരിവ്.
അതേ സമയം കൽക്കി 2898 എഡി ആഗോളതലത്തിൽ 800 കോടി പിന്നിട്ടുവെന്നാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ് കഴിഞ്ഞ ദിവസം ഇറക്കിയ ഔദ്യോഗിക വാർത്ത കുറിപ്പിൽ അറിയിച്ചത്. ചിത്രത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം രണ്ടാം വാരാന്ത്യത്തിൽ 1000 കോടി എന്ന ലക്ഷ്യം മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കൽക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയിൽ എത്തി നിൽക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പ്രഭാസ്, ദീപിക പാദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.