ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ പരിണിതഫലമായി വരാനിരിക്കുന്നത് കടുത്ത പട്ടിണിയും ദാരിദ്രവുമാണെന്ന യുഎൻ ഏജൻസിയുടെ മുന്നറിയിപ്പിൽ ഇസ്രയേലിനോടുള്ള എതിർപ്പും ശക്തമായി പ്രകടമാണ്. അതുകൊണ്ട് തന്നെയാണ് യുഎന്നിനെതിരെയും ഇസ്രയേൽ ഇപ്പോൾ തിരിയുന്നത്. പലസ്തീൻ അഭയാർത്ഥികളെ സംരക്ഷിക്കുന്ന UNRWA സംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്രയേൽ വിച്ഛേധിക്കുകയും ചെയ്തിരുന്നു. 1967 മുതൽ UNRWA യുമായി തുടർന്ന് പോരുന്ന ബന്ധമാണ് ഇസ്രയേൽ പൂർണമായും ഒഴിവാക്കിയത്. നിയമപരമായ എല്ലാ കടമ്പകളും അടച്ച് തന്നെയാണ് ബന്ധം മുഴുവനായും ഇസ്രയേൽ ഇല്ലാതാക്കിയത്.
പലസ്തീന്റെ സായുധസേനയായ ഹമാസ് സംഘടനയിലേക്ക് നുഴഞ്ഞ് കയറ്റം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ വാദിച്ചിരുന്നെങ്കിലും സംഘടന അത് പൂർണമായും തള്ളികളഞ്ഞു. യുഎന്നും ആരോപണങ്ങൾ നിഷേധിക്കുകയും അതിൻ്റെ നിഷ്പക്ഷത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേലുള്ള ഇസ്രയേലിൻ്റെ നിരോധനം യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലെ മാനുഷിക പ്രവർത്തനങ്ങളുടെ “തകർച്ചയ്ക്ക്” കാരണമാകുമെന്ന് UNRWA സംഭവത്തിൽ പ്രതികരിച്ചിരുന്നു.
Also Read: അമേരിക്കയെ പോലും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുമ്പോള്‍
യുഎൻആർഡബ്ല്യുഎയ്‌ക്കെതിരായ ഇസ്രയേലിൻ്റെ നിരോധനം ഗാസയിലെ കടുത്ത മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്നാണ് എയ്ഡ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയത്. അതേസമയം, മറ്റ് യുഎൻ ഏജൻസികൾക്കും സഹായ ഗ്രൂപ്പുകൾക്കും ഈ വിടവ് നികത്താൻ കഴിയുമെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. UNRWA എന്ന ഒരു സംഘടനയുടെ പ്രവർത്തനം ആവശ്യമില്ലെന്ന ഇസ്രയേലിന്റെ അഭിപ്രായത്തോട് യോജിപ്പുമായി ആരും തന്നെ രംഗത്ത് വന്നിട്ടില്ല. അതേസമയം UNRWA അനിവാര്യമാണെന്ന ആവശ്യമാണ് യുഎന്നടക്കം പലരും ഉന്നയിച്ചത്.
ഇസ്രയേൽ സൈന്യം എൻക്ലേവിലേക്കുള്ള ഭക്ഷണവും മറ്റ് വസ്തുക്കളും കർശനമായി നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ ഗാസയിലെ മാനുഷിക സാഹചര്യം “ഉടൻ പട്ടിണിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) മുന്നറിയിപ്പ് നൽകിയിരുന്നു.ഐക്യരാഷ്ട്ര സഭ ( യുഎൻ) യിലൂടെ പ്രമേയം പാസാക്കി രൂപീകരിക്കപ്പെട്ട രാജ്യമാണ് ഇസ്രയേൽ. ആ ഇസ്രയേൽ തന്നെയാണ് യുഎന്നിന്റെ പ്രമേയങ്ങൾ ഏറ്റവും കൂടുതൽ ധിക്കരിച്ചിട്ടുള്ളതും. യുദ്ധത്തിൽ വെടിനിർത്തൽ കരാറുമായി എത്രയും പെട്ടന്ന് തന്നെ അനുനയിക്കണമെന്ന യുഎന്നിന്റെ ആവശ്യം ഇസ്രയേൽ വകവെച്ചിട്ട്പോലുമില്ല.
Also Read: അഞ്ച് ലക്ഷം യുക്രെയ്ന്‍ സൈനികർ കൊല്ലപ്പെട്ടു, വിവരം പുറത്ത് വിട്ടത് റഷ്യൻ പ്രതിരോധ മന്ത്രാലയം!
യുദ്ധം തുടങ്ങി ഒരു വർഷമാകുമ്പോഴേക്ക് ഇസ്രയേൽ ലംഘിച്ച അന്താരാഷ്ട്ര നിയമങ്ങൾക്ക് കൈയ്യും കണക്കുമില്ല. ആർക്കും വേണ്ടി കെട്ടിപൊക്കിയതല്ല ഇത്തരത്തിലുള്ള നിയമങ്ങൾ. അതെല്ലാം തള്ളിക്കളയുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാൻ യുദ്ധത്തിനിടയിൽ നെതന്യാഹുവിന് സമയം കിട്ടിക്കാണില്ല എന്ന് വേണം കരുതാൻ. മനുഷ്യത്വ രഹിതമായ പ്രവർത്തികളും, മാനുഷിക പരിഗണനയുമെല്ലാം പരസ്യമായാണ് ഇസ്രയേൽ ലംഘിക്കുന്നത്. യുൻ ഏജൻസിയെ നിരോധിച്ച ഇസ്രയേലിനെതിരെ കടുത്ത നടപടി തന്നെയാണ് യുഎൻ എടുക്കുക.
അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ), അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) തുടങ്ങിയവരെല്ലാം ഇസ്രയേലിനെതിരെ നടപടികൾ തുടങ്ങി കഴിഞ്ഞു. ഇസ്രയേൽ പക്ഷം പിടിച്ചിരുന്നവരടക്കം ഗാസയിലെ ഇസ്രയേലിന്റെ ഈ താണ്ഡവം അവസാനിപ്പിക്കാൻ പലതവണയായി പറഞ്ഞു കഴിഞ്ഞു. പക്ഷെ കേട്ടഭാവം കാണിക്കാൻ പോലും ഇസ്രയേൽ മുതിർന്നിട്ടില്ല. യുഎൻ ഭീകരവാദ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ യുഎന്നുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുന്നത്. ഏജൻസിയിലെ 190 പേർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ അറിയിപ്പും പാടെ വിഴുങ്ങിയാണ് ഇസ്രയേൽ ഇത് അഭയാർഥികൾക്ക് സഹായം നൽകുന്ന ഏജൻസിയല്ലെന്നും ഹമാസിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും തുറന്നടിച്ചത്.
Also Read: യുക്രെയിന്റെ വളര്‍ച്ചയും തളര്‍ച്ചയും
അതേസമയം, ഗാസയിലെ ജനങ്ങൾക്ക് എറ്റവും കൂടുതൽ മാനുഷിക സഹായമെത്തിക്കുന്ന ഏജൻസിക്കെതിരെ യുഎന്നിന്റെ തന്നെ ഭാഗമായ ഒരു രാജ്യം നടപടിയെടുത്തത് അരോചകമാണെന്നാണ് ഏജൻസി വക്താവ് ജൂലിയറ്റ് പറഞ്ഞത്. ഏജൻസിയുടെ പ്രവർത്തനങ്ങൾ മരവിപ്പിക്കുന്നതിലൂടെ ഗാസയിലെ ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുമെന്നും ഏജൻസി വ്യത്തങ്ങൾ അറിയിച്ചു. ഒരു യുദ്ധം ലോകത്ത് അരങ്ങേറുമ്പോൾ എത്രയൊക്കെ അലമുറയിട്ടാലും അന്താരാഷ്ട്ര യുദ്ധ നിയമങ്ങൾക്കൊരു പരിഗണ നൽകാതെ യുദ്ധവുമായി മുന്നോട്ട് പോകാൻ പാടില്ല. ഏകദേശം 400 വർഷത്തെ പഴക്കമുണ്ട് ഈ അന്താരാഷ്ട്ര നിയമങ്ങൾക്ക്. 1625-ൽ പ്രസിദ്ധീകരിക്കപ്പെട്ട യുദ്ധത്തെയും സമാധാനത്തെയും സംബന്ധിക്കുന്ന നിയമം ഡച്ച് രാഷ്ട്രതന്ത്രജ്ഞനായ ഹ്യൂഗോഗ്രോഷിയസാണ് പ്രസിദ്ധീകരിച്ചത്.
നവോത്ഥാനകാലഘട്ടത്തിനും മതപരിഷ്കരണത്തിനും ശേഷമാണ് അന്താരാഷ്ട്രനിയമത്തിന്റെ ശരിയായ തുടക്കം. അന്താരാഷ്ട്രനിയമം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ക്രമീകൃതവും വ്യവസ്ഥാപിതവുമായ ഒരു അന്താരാഷ്ട്ര നിയമസംഹിതയില്ലെങ്കിൽ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്കിടയിൽ വിള്ളലുകൾ വീണേക്കാം. മിക്കരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നിട്ടുള്ളത്.
Also Read: അഴിഞ്ഞ് വീണത് അമേരിക്കയുടെയും ഇസ്രയേലിന്റെയും മുഖംമൂടി
അതിൽ തന്നെ ഏറ്റവും കൂടുതൽ ലംഘനങ്ങൾ ഇസ്രയേലിന്റെ ഭാഗത്ത് നിന്നാണെന്നത് നിസംശയം പറയാം. മറ്റൊരു രാജ്യവും ഇത്ര ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തിയിട്ടില്ല. യുഎന്നിനെതിരെ നേരിട്ട് ഇങ്ങനൊരു അക്രമണം നടത്തി ഇസ്രയേൽ തുടരുന്ന അധിനിവേശം അധിക നാൾ മുന്നോട്ട് പോകില്ല. യുഎന്നടക്കം ഇസ്രയേലിനെതിരെ നടപടികൾ കടുപ്പിക്കാനൊരുങ്ങുമ്പോഴും ഒന്നും സംഭവിക്കില്ലെന്ന അഹങ്കാരം മാത്രമാണ് നിലവിൽ ഇസ്രയേലിന് കൈമുതലായുള്ളത്. കൂടുതൽ പ്രദേശങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ തന്ത്രങ്ങളൊന്നും തത്ക്കാലം വിജയം കാണാൻ പോണില്ല. യുദ്ധത്തിൽ ഇനി എത്രക്കാലം കൂടി ഇസ്രയേലിന് പിടിച്ചുനിൽക്കാനാകും എന്നതിൽ മാത്രമെ ഇനി സംശയമൊള്ളു, അതും എന്തായാലും അതികനാൾ നീളില്ല എന്നതുറപ്പാണ്.
REPORT: ANURANJANA KRISHNA