ഡൽഹി: ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണം നേടുന്നത് വരെ തനിക്ക് ജാവലിൻ ത്രോയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‍വാൾ. ജാവലിൻ ത്രോ അത്‍ലറ്റിക്സിന്റെ ഭാഗമാണെന്ന് താൻ അറിഞ്ഞതും നീരജിന്റെ വിജയത്തിന് ശേഷമാണെന്നും സൈന പ്രതികരിച്ചു. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാക്കുകൾ.
2012ലെ ലണ്ടൻ ഒളിംപിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ താരമാണ് സൈന. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി മൂന്ന് തവണ സ്വർണവും ഏഷ്യൻ ഗെയിംസിൽ രണ്ട് തവണ വെങ്കലവും താരം നേടിയിട്ടുണ്ട്. എന്നാൽ സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിലാണ് ഹരിയാനി സ്വദേശിനിയായ സൈന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പാരിസിൽ വെള്ളി മെഡൽ ആണ് നേടാൻ കഴിഞ്ഞത്. 89.45 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് താരം വെള്ളി മെഡൽ സ്വന്തമാക്കിയത്. പാകിസ്താൻ താരം അർഷാദ് നദീമിനാണ് സ്വർണ മെഡൽ. ഒളിംപിക്സ് റെക്കോർഡോടെ 92.97 മീറ്റർ ദൂരം ജാവലിൻ എത്തിച്ചാണ് താരത്തിന്റെ സ്വർണ നേട്ടം.