ഡല്‍ഹി: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസ് കെ മാണി വിഭാഗം. ഇതിനു മുന്‍പ് ഒഴിവ് വന്ന സീറ്റ് സിപിഐക്ക് നല്‍കിയതാണ്. ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ട. അര്‍ഹതപ്പെട്ട സീറ്റില്‍ തുടരണം. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ പ്രധാനമായി വച്ച ഉപാധിയും ഇതായിരുന്നു. ഇതിനു മുന്‍പ് ഒഴിവ് വന്ന രണ്ടു സീറ്റുകളില്‍ ഒന്ന് സിപിഐയുടെ പി സന്തോഷ് കുമാറിന് നല്‍കിയതാണ്. ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.
കോട്ടയം കേരള കോണ്‍ഗ്രസിനു നഷ്ടമായാല്‍ ആ പേരില്‍ രാജ്യസഭയിലേക്കുള്ള വാതില്‍ അടഞ്ഞേക്കും. അടുത്ത തവണ പരിഗണിക്കാമെന്ന സമീപനമാകും എല്‍ഡിഎഫ് സ്വീകരിക്കുക. അങ്ങനെ വന്നാല്‍ അതിനോട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എങ്ങനെ പ്രതികരിക്കും എന്നതും അതി പ്രധാനമാണ്. ജോസ് കെ മാണിയും കൂട്ടരും മുന്നണിയിലേക്ക് വന്നപ്പോള്‍ അവരുമായുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാന്‍, സിപിഐയെ അനുനയിപ്പിക്കുമോ എന്നതും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസിനു വേണ്ടി തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിട്ടു വീഴ്ച ചെയ്ത് സിപിഐ, ഇനിയൊരു ത്യാഗത്തിന് തയാറാകുമോ എന്നതും കണ്ടറിയണം.
അതേസമയം രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള സിപിഐയുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ആവശ്യത്തെ എല്‍ഡിഎഫ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഉറ്റു നോക്കുകയാണ് ഘടക കക്ഷികള്‍. തര്‍ക്കം മുന്നണി നേതൃത്വത്തിനു മുന്നിലേക്ക് എത്തിയിട്ടില്ലെങ്കിലും പരിഹാര ഫോര്‍മുലകള്‍ നേതൃത്വം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഒരുപോലെ അഭിമാന പ്രശ്നമാണ്. അക്കാര്യത്തില്‍ ഇരുകൂട്ടരും വിട്ടു വീഴ്ചക്ക് തയ്യാറായേക്കില്ല. രണ്ടിലൊന്ന് സിപിഐഎം തന്നെ കൈവശം വെക്കും. അങ്ങനെയെങ്കില്‍ എന്താകും മുന്നണി നേതൃത്വത്തിന്റെ ഫോര്‍മുല എന്നത് നിര്‍ണായകമാണ്. തര്‍ക്കത്തിലേക്ക് നീങ്ങി മുന്നണിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുന്നത് ഒഴിവാക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മുന്നണി നേതൃത്വം പരിഗണിച്ചേക്കും.