ബെയ്ജിങ്: വുഹാനിലെ കോവിഡ് 19 ന്റെ ആദ്യ ദിവസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത് ചൈന ഭരണകൂടത്തിന്റെ തടവിലായ വനിതാ മാധ്യമ പ്രവര്‍ത്തക നാല് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയാകും. അഭിഭാഷ കൂടിയായിരുന്ന ഷാങ് ഷാന്‍ 2020 ഫെബ്രുവരിയിലാണ് വുഹാനിലെത്തുന്നതും വീഡിയോ അടക്കമുള്ള വിവരങ്ങള്‍ തന്റെ ട്വിറ്റര്‍, യുട്യൂബ്, വീ ചാറ്റ് അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നതും . രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചതോടെ ഷാങ് ഷാന്‍ അടക്കം വളരെ ചുരുക്കം മാധ്യമപ്രവര്‍ത്തകര്‍ മാത്രമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്.
രാജ്യത്ത് കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കിയെന്ന് ആരോപിച്ച് 2020 മേയ് മാസത്തിലാണ് ഷാങ് ഷാനിനെ അറസ്റ്റ് ചെയ്തത്. നാലു വര്‍ഷത്തെ തടവിനായിരുന്നു ഷാങ് ഷാനെ അറസ്റ്റ് ചെയ്തത്. 2020 മുതല്‍ ചൈനയിലെ ഷാങ്ഹായ് വനിതാ ജയിലായിരുന്നു ഷാങ് ഷാന്‍ കഴിഞ്ഞിരുന്നത്. ജയിലില്‍ വെച്ച് നിരവധി തവണ നിരാഹാര സമരവും നടത്തിയിരുന്നു. ‘ജയിലില്‍ വളരെ മോശമായ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഷാങ്ങിനെ മോചിപ്പിക്കുന്നു എന്നറിയുന്നത് ആശ്വാസകരമാണ്, പക്ഷേ അവളെ ആദ്യം തടവിലാക്കാന്‍ പാടില്ലായിരുന്നു. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് മറച്ചുവെച്ചതിന് അല്ലെങ്കില്‍ അതിന്റെ ക്രൂരമായ പാന്‍ഡെമിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങള്‍ക്ക് ചൈനീസ് ഗവണ്‍മെന്റ് ഉത്തരവാദിയാണ് എന്ന് തെളിയിക്കുന്നതാണ് ഈ ജയില്‍ മോചനം’ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേറ്റ് ഏഷ്യ ഡയറക്ടര്‍ മായ വാങ് പ്രതികരിച്ചു.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ചൈന ഡയറക്ടര്‍ സാറാ ബ്രൂക്സും വിധിയെ സ്വാഗതം ചെയ്തു. ‘മെയ് 13 മുതല്‍ ഷാങ് ഷാന്‍ പൂര്‍ണമായി സ്വതന്ത്രമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ചൈനീസ് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു സ്വതന്ത്രമായി സഞ്ചരിക്കാനും ചൈനയ്ക്ക് അകത്തും പുറത്തുമുള്ള ആളുകളുമായി ആശയവിനിമയം നടത്താനും കുടുംബവുമായി വീണ്ടും ഒന്നിക്കാനും അവരെ അനുവദിക്കണം. അവരും അവരുടെ കുടുംബവും നിരീക്ഷണത്തിനോ ഉപദ്രവത്തിനോ വിധേയരാകരുത്’ സാറാ ബ്രൂക്സ് പ്രതികരിച്ചു.