സംസ്ഥാനത്തെ സ്കൂള്‍ പൊതു പരീക്ഷകള്‍ ഏപ്രില്‍മാസത്തില്‍ നടത്തണമെന്ന് ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട്. 10, 11, 12 ക്ളാസുകളിലെ പരീക്ഷകള്‍ സംബന്ധിച്ചാണ് ശുപാര്‍ശ, ക്ലാസ് നഷ്ടപ്പെടാതെവേണം പരീക്ഷകള്‍ ക്രമീകരിക്കേണ്ടതെന്ന് കാണിച്ചാണ് മാര്‍ച്ചിലെ പരീക്ഷ ഏപ്രിലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ട് പറയുന്നത്.
സ്കൂള്‍ കലണ്ടറിലില്ലാത്ത അവധി ദിനം വരികയാണെങ്കില്‍ പകരം പഠന ദിവസം കണ്ടെത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന സുപ്രധാന ശുപാര്‍ശയും ഖാദര്‍കമ്മറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതില്‍ തീരുമാനമെടുക്കാതെയാണ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചത്.
ഗാന്ധി ജയന്തിപോലുള്ള ദിവസങ്ങളില്‍ അവധിയാണോ നല്‍കേണ്ടത് അതോ രാഷ്ട്രപിതാവിന്‍റെ ജീവിതത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ പഠിക്കേണ്ട ദിവസമായി മാറ്റുകയല്ലേ വേണ്ടതെന്ന ചോദ്യവും റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. സ്കൂള്‍ അധ്യാപകരുടെ മിനിമം യോഗ്യത ബിരുദമാക്കണം. പഠന ദിവസങ്ങള്‍ 220 ആയി തന്നെ നിലനിര്‍ത്തണം എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.