CMDRF

അമേരിക്ക ഒറ്റിയ കുര്‍ദിസ്ഥാന്‍, സ്വന്തമായി രാജ്യമില്ലാത്ത കുര്‍ദിഷ് ജനത

പറയാന്‍ ഒരു രാജ്യമില്ലാത്ത ജനത. സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തില്‍ കുര്‍ദിസ്ഥാന്‍ പല ചേരികളോടും ഉടക്കി

അമേരിക്ക ഒറ്റിയ കുര്‍ദിസ്ഥാന്‍, സ്വന്തമായി രാജ്യമില്ലാത്ത കുര്‍ദിഷ് ജനത
അമേരിക്ക ഒറ്റിയ കുര്‍ദിസ്ഥാന്‍, സ്വന്തമായി രാജ്യമില്ലാത്ത കുര്‍ദിഷ് ജനത

റബ് വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഇറാഖിലെ കുര്‍ദിഷ് ജനത. ഇര്‍ബില്‍, സുലൈമന്യ, ദുഹോക്, ഹലാബ്ജ ഗവര്‍ണറേറ്റുകള്‍ ചേരുന്നതാണ് കുര്‍ദിസ്ഥാന്‍ മേഖല. ഇറാഖ്, ഇറാന്‍, സിറിയ, അര്‍മേനിയ എന്നിവിടങ്ങളില്‍ പ്രധാനമായുമുള്ള ഈ വിഭാഗത്തില്‍ ഒന്നരക്കോടിയിലധികമാണ് ജനസംഖ്യ. പല ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ പക്ഷേ പല മേഖലകളിലായി ഉള്ളതുകൊണ്ട് തന്നെ കൃത്യമായി പറയാന്‍ ഇവര്‍ക്കൊരു ദേശീയതയില്ല. അതായത് പറയാന്‍ ഒരു രാജ്യമില്ലാത്ത ജനത. സ്വന്തം രാഷ്ട്രമെന്ന ആവശ്യത്തില്‍ കുര്‍ദിസ്ഥാന്‍ പല ചേരികളോടും ഉടക്കി. അതിര്‍ത്തികളില്ലാതെ ഒന്നാം ലോകമഹായുദ്ധകാലഘട്ടം വരെ ജീവിച്ചുപോന്ന കുര്‍ദുകള്‍ മെസപ്പൊട്ടോമിയയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്നു അന്നുവരെ. പിന്നീട് ആധുനിക തുര്‍ക്കിയുടേയും അതിന്റെ അയല്‍ രാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിക്കപ്പെട്ടപ്പോള്‍, കുര്‍ദിസ്താന്‍ എന്നൊരു രാജ്യം ലോകഭൂപടത്തില്‍ ഇല്ലാതെപോയി. അതോടെ കുര്‍ദിസ്ഥാന്‍ എന്ന രാഷ്ട്രത്തെപ്പറ്റി ആരുമറിഞ്ഞില്ല.
പക്ഷേ, ഇറാഖില്‍ ഇവര്‍ക്ക് സ്വയംഭരണവും പ്രദേശവും ലഭിച്ചിരുന്നു.

kurdisthan

സ്വയംഭരണത്തിന് വേണ്ടി ആദ്യം പോരാടിയിരുന്നത് ഇറാനിലെ കുര്‍ദുകളായിരുന്നു. ഇതിന്റെ ഭാഗമായി ഇറാഖില്‍ കുര്‍ദുകളുടെ ആദ്യത്തെ പാര്‍ട്ടിയായ കുര്‍ദിഷ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി രൂപംകൊണ്ടു. ഇന്നും ഇറാഖിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയാണ് കെ.ഡി.പി അഥവാ കുര്‍ദിഷ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി. ഇറാഖുമായി പതിയെ ഉടക്കിത്തുടങ്ങിയ കുര്‍ദുകളുടെ ആവശ്യം ഇറാഖ് ഭരണത്തില്‍ പ്രാതിനിധ്യം നല്‍കണമെന്നായിരുന്നു. ഇറാഖ് ഭരണകൂടവുമായി നിരന്തരം പോരാടിയ കുര്‍ദുകളോട് പൊരുതിനില്‍ക്കാന്‍ കഴിയാത്ത ഇറാഖ് പലതവണ അനുനയ ചര്‍ച്ചകള്‍ക്കും ശ്രമിച്ചു. പക്ഷേ, അതിനിടയിലും കുര്‍ദുകള്‍ക്കെതിരെ പല സംഭവങ്ങളും മറ്റ് രാജ്യങ്ങളിലായി അരങ്ങേറി. സിറിയയിലെ ഒരു ഗവര്‍ണറേറ്റില്‍ നടന്ന സെന്‍സസിന് പിന്നാലെ 1.2 ലക്ഷം കുര്‍ദുകള്‍ക്ക് പൗരത്വം നഷ്ടമായി. കുര്‍ദുകള്‍ക്ക് പലതരത്തിലുള്ള തിരിച്ചടികള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു.

അതിനിടയിലാണ് തരംകിട്ടിയാല്‍ മുതലെടുക്കാനറിയുന്ന അമേരിക്കയുടെ രംഗപ്രവേശനം. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ അമേരിക്കയ്ക്ക് വിശ്വസിക്കാവുന്ന ഒരു സഖ്യകക്ഷിയെ വേണമായിരുന്നു. അതിനായി അമേരിക്ക കുര്‍ദുകളും, കുര്‍ദുകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വൈ.പി.ജിയുമായും കൈകോര്‍ത്തു. അമേരിക്കയുമായി ചേരികൂടിയ കുര്‍ദുകള്‍ക്ക് ശക്തി വര്‍ധിക്കുന്നതായി തോന്നിയ തുര്‍ക്കിക്ക് അതിര്‍ത്തി കടന്ന് തങ്ങളെയും ആക്രമിക്കുമോ എന്ന സംശയം ഉയര്‍ന്നു. അതോടെ കുര്‍ദുകളെ അടിച്ചമര്‍ത്താന്‍ തുര്‍ക്കി പതിയെ ശ്രമം തുടങ്ങി.

kurdistan turkey conflict

കൂടെ നിര്‍ത്തിയ കുര്‍ദുകളെ തക്കസമയം നോക്കി അമേരിക്ക ചതിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ പോരാടാന്‍ കൂടെകൂട്ടിയ കുര്‍ദുകളെ തുര്‍ക്കിക്ക് മുന്നിലിട്ടുകൊടുത്ത് കൈയ്യൊഴിയാന്‍ അമേരിക്ക തന്നെ വഴിതുറന്നു. അമേരിക്കയുടെ നയത്തില്‍ പെട്ടെന്നുണ്ടായ മാറ്റം ശരിക്കും ഫലംകണ്ടു. വടക്ക്- കിഴക്കന്‍ സിറിയയില്‍നിന്ന് സേനയെ മുഴുവനായും അമേരിക്ക ഒഴിപ്പിച്ചു. പിന്നാലെ തുര്‍ക്കി പണി തുടങ്ങി. സെന്യം പിന്‍മാറിയതിന് പിന്നാലെ മേഖലയില്‍ തുര്‍ക്കി തങ്ങളുടെ ചിരവൈരികളായ കുര്‍ദിസ്ഥാന്‍ വാദികള്‍ക്ക് മുകളില്‍ ആക്രമണം തുടങ്ങി. അമേരിക്കയുടെ ഈ തീരുമാനത്തില്‍ രാജ്യത്ത് തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കൂടെകൂട്ടിയ നല്ല ഒരു പങ്കാളിയെ നഷ്ടമാവുകയാണ് ഇതിലൂടെയെന്ന് അമേരിക്കയിലെ നിരീക്ഷകര്‍ തന്നെ വാദിച്ചു. എന്നാല്‍ തീര്‍ത്തും സ്വാര്‍ഥരായ അമേരിക്കയ്ക്ക് കാര്യം കഴിഞ്ഞപ്പോള്‍ അവഗണിക്കാന്‍ തന്നെയായിരുന്നു ഉദേശ്യം. തങ്ങള്‍ക്ക് നേട്ടമില്ലാത്തിടത്ത് ഒന്നിനുമില്ലെന്നും, വിജയിക്കാന്‍ വേണ്ടി മാത്രമെ യുദ്ധമുള്ളൂവെന്നും അമേരിക്ക തുറന്നടിച്ചു.

അമേരിക്ക കുര്‍ദുകളെ സഹായിക്കുന്നതില്‍ അതിയായ ആശങ്കയുണ്ടായിരുന്ന തുര്‍ക്കി നേരിട്ട് അത് പ്രകടമാക്കിയതുകൊണ്ട് കൂടിയാണ് നാറ്റോയിലെ പ്രധാന പങ്കാളിയായ തുര്‍ക്കിയെ പിണക്കാന്‍ അമേരിക്ക തുനിയാഞ്ഞത്. വടക്ക്- കിഴക്കന്‍ സിറിയയില്‍നിന്ന് സേനയെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നടപടിയില്‍ വൈകാതെ തന്നെ തുര്‍ക്കി കുര്‍ദികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. തുര്‍ക്കിക്ക് ആക്രമണത്തിന് വഴിതുറന്ന് കൊടുത്തെങ്കിലും അക്രമത്തിന്റെ ഏഴയലത്ത് പോലും അമേരിക്ക സാന്നിധ്യമറിയിച്ചിരുന്നില്ല. അമേരിക്ക ഒറ്റിക്കൊടുത്ത കുര്‍ദുകള്‍ പക്ഷേ, പിന്നോട്ടുപോയില്ല. തുര്‍ക്കിക്കെതിരെ അവര്‍ പടപൊരുതി. അമേരിക്കയുടെ തീരുമാനത്തിനെതിരെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ വന്നിരുന്നു. മേഖലയില്‍ തുര്‍ക്കിയുടെ സൈനീക നടപടികളൊന്നും നടത്തിക്കില്ലെന്ന് അമേരിക്ക നല്‍കിയ പാഴ്‌വാക്കുകള്‍ വിശ്വസിച്ച കുര്‍ദുകള്‍ അമേരിക്കയുടെ പിന്നില്‍ നിന്നുള്ള കുത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സ്വയംഭരണത്തിനായ് ഒരു ജനത നടത്തിയ പോരാട്ടം ഇന്നും തുടരുകയാണെന്ന് തന്നെവേണം പറയാന്‍. എങ്കിലും പോരാടി വന്ന വഴികളിലൊക്കെ തന്നെ പിന്തിരിയല്‍ നടപടി കുര്‍ദുകള്‍ കൈകൊണ്ടിരുന്നില്ല. ഇന്ന് ഇറാഖിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ് കുര്‍ദിസ്ഥാന്‍. എണ്ണ കയറ്റുമതിയാണ് പ്രധാന വരുമാനമെങ്കിലും, അതിലും കാര്യമായ പ്രതിസന്ധികള്‍ കുര്‍ദുകള്‍ നേരിടുന്നുണ്ട്. ഇറാനിലേക്കും, തുര്‍ക്കിയിലേക്കുമുളള എണ്ണ കയറ്റുമതിയില്‍ ഇറാഖ് തടയണ സൃഷ്ടിച്ചപ്പോള്‍ കുര്‍ദുകള്‍ക്ക് അതൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇറാഖ്-തുര്‍ക്കി പൈപ്പ് ലൈന്‍ ഇറാഖി ഫെഡറല്‍ സര്‍ക്കാര്‍ അടച്ചതോടെ ഔദ്യോഗിക വഴികളെല്ലാം അടഞ്ഞു. ഇതോടെ ഇറാനിലേക്കും തുര്‍ക്കിയിലേക്കും അനധികൃതമായി എണ്ണകയറ്റുമതി ചെയ്യാന്‍ കുര്‍ദുകള്‍ നിര്‍ബന്ധിതരായി. പക്ഷേ, ഇതില്‍ നിന്നുള്ള വരുമാനമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇറാഖി ഫെഡറല്‍ ഗവണ്‍മെന്റും കുര്‍ദിഷ് റീജിയണല്‍ ഗവണ്‍മെന്റും തമ്മിലുള്ള ഒരു സംഘര്‍ഷത്തിലേക്കാണ് ഇത് വഴിതെളിച്ചത്.

Kurdistan oil exports to Iran

സാമ്പത്തികപരമായി എണ്ണ വ്യാപാരം ഒരു താത്കാലിക ആശ്വാസമാണെങ്കിലും ഇതൊരു വെല്ലുവിളി തന്നെയാണ്. സംഘര്‍ത്തില്‍ ഇറാഖിന് വേണ്ടി അന്താരാഷ്ട്ര മധ്യസ്ഥര്‍ ഇടപെട്ടിട്ടും എണ്ണക്കച്ചവടത്തില്‍ നിന്നും കുര്‍ദുകള്‍ പിന്‍മാറിയില്ല. കുര്‍ദുകളില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുര്‍ക്കിയും, ഇറാനും അവസാനിപ്പിച്ചില്ല. കുര്‍ദിസ്ഥാനുമായുള്ള ഈ ഇടപാടില്‍ ഇറാനും തുര്‍ക്കിക്കും സഖ്യകക്ഷികളില്‍ നിന്നും, പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നും എതിര്‍പ്പ് വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. അമേരിക്ക വീണ്ടും ഈ അവരസരം മുതലെടുത്ത് ഇരു രാജ്യങ്ങളുമായി ഒരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമോ എന്നത് സംശയിക്കേണ്ടതുണ്ട്. അത്തരമൊരു നടപടി അമേരിക്ക സ്വീകരിച്ചാല്‍ അത് ചിലപ്പോള്‍ കുര്‍ദിസ്ഥാനും അമേരിക്കയും തമ്മിലുള്ള തുറന്ന സാമ്പത്തിക സംഘര്‍ഷത്തിലേക്ക് തന്നെ വഴിതുറന്നേക്കാം

Top