കുവൈത്ത് ദുരിന്തം; കെട്ടിടത്തില്‍ പാചകത്തിന് അനുമതിയില്ല; തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍

കുവൈത്ത് ദുരിന്തം; കെട്ടിടത്തില്‍ പാചകത്തിന് അനുമതിയില്ല; തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: മംഗഫ് ലേബര്‍ ക്യാംപിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു മറ്റൊരു നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാമെന്നു കുവൈത്ത് അഗ്നിശമന സേന സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഫ്‌ലാറ്റിനുള്ളില്‍ മുറികള്‍ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ അതിവേഗം തീ പടരാന്‍ ഇടയാക്കിയതായി ഫയര്‍ഫോഴ്‌സ് കേണല്‍ സയീദ് അല്‍ മൗസാവി പറഞ്ഞു. മുറികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കത്തിയതു വലിയ തോതില്‍ പുകയുണ്ടാക്കിയതായും ഈ പുക അതിവേഗം മുകള്‍നിലയിലേക്കു പടര്‍ന്നതായും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താന്‍ ശ്രമിച്ചവര്‍ വാതില്‍ തുറക്കാന്‍ കഴിയാതെ അവിടെ കുഴഞ്ഞുവീണതായും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

മരണമേറെയും പുക ശ്വസിച്ച്

രാജ്യത്തെ നിയമം അനുസരിച്ചുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ലേബര്‍ ക്യാംപില്‍ ഏര്‍പ്പെടുത്തിയിരുന്നതായി എന്‍ബിടിസി അറിയിച്ചു. അപകടം ഉണ്ടായ സമയം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പുലര്‍ച്ചെ നാലരയോടെ തീ പടരുമ്പോള്‍ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വര്‍ധിപ്പിച്ചത്. പൊള്ളലേറ്റു മരിച്ചതു 2 പേര്‍ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്ന് കമ്പനി പ്രതിനിധി എം.ജിഷാം പറഞ്ഞു. അപകടം പകലായിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തമാകുമായിരുന്നില്ല. ആളുകള്‍ക്ക് ഉണരാനോ ഓടി രക്ഷപ്പെടാനോ അവസരം ലഭിച്ചില്ല.

ആറുനിലക്കെട്ടിടത്തില്‍ 24 ഫ്‌ലാറ്റുകളിലെ 72 മുറികളിലായി 195 പേരാണ് താമസിച്ചിരുന്നത്. നാട്ടില്‍ പോയി ചൊവ്വാഴ്ച അര്‍ധരാത്രി തിരിച്ചെത്തിയ തമിഴ്‌നാട്ടുകാരന്‍ ഉള്‍പ്പെടെ ക്യാംപില്‍ ഉള്ളവരുടെ എണ്ണം 196 ആയി. ഇതില്‍ 20 പേര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ സംഭവസമയത്ത് 176 പേര്‍ മാത്രമാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്നും ജിഷാം പറഞ്ഞു. കെട്ടിടത്തില്‍ പാചകത്തിന് അനുമതിയില്ല. കമ്പനിയുടെ സെന്‍ട്രല്‍ കിച്ചണില്‍നിന്നു ഭക്ഷണം എത്തിച്ചു വിതരണം ചെയ്യുന്നതാണ് രീതി. സെക്യൂരിറ്റി ജീവനക്കാരന്‍ സ്വന്തം നിലയ്ക്കു പാചകം ചെയ്തിരുന്നോ എന്നതു പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുവൈത്ത് പൗരനും വിദേശികളും അറസ്റ്റില്‍

കുവൈത്ത് സിറ്റിന്മ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് കുവൈത്ത് പൗരനെയും ഒട്ടേറെ വിദേശികളെയും അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും അശ്രദ്ധമൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. കുവൈത്ത് നഗരസഭ എന്‍ജിനീയറിങ് ഓഡിറ്റ് നടത്തി ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Top