കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍

കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍
കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദുരന്തത്തില്‍ തമിഴ്‌നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കുവൈറ്റില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള വീരച്ചാമി മാരിയപ്പന്‍, കടലൂര്‍ ജില്ലയില്‍ നിന്നുള്ള കൃഷ്ണമൂര്‍ത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദന്‍ ശിവശങ്കര്‍, ട്രിച്ചി ജില്ലയില്‍ നിന്നുള്ള രാജു എബമേശന്‍, തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള ഭുനാഫ് റിച്ചാര്‍ഡ്, രാമനാഥപുരം ജില്ലയില്‍ നിന്നുള്ള കറുപ്പണ്ണന്‍ രാമു, വില്ലുപുരം ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തില്‍ മരിച്ചത്.

അതേസമയം, കുവൈറ്റ് തീപിടിത്തത്തില്‍ 50 പേരുടെ മരണം സ്ഥിരീകരിച്ചതായി കുവൈറ്റിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളെ തിരിച്ചറിയുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കുവൈറ്റിലെ മംഗഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക.

Top