ഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായി 1955-ലെ പൗരത്വനിയമത്തെ ഉദാരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൗരത്വനിയമത്തിലെ വകുപ്പുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വ്യക്തവും ലളിതവുമാണ്. അതിനാല്‍, സ്വാഭാവികമായ അര്‍ഥത്തില്‍ത്തന്നെ എടുത്താല്‍മതിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ 2022 മേയിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മാതാപിതാക്കള്‍ ഇന്ത്യന്‍പൗരത്വം ഉപേക്ഷിക്കുന്ന സമയത്ത്, ഗര്‍ഭസ്ഥശിശുവിന് അത് അവകാശപ്പെടാമെന്നായിരുന്നു ഹൈക്കോടതി വിധി. ഇന്ത്യന്‍ പൗരത്വത്തിനുള്ള അപേക്ഷ തള്ളിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2019-ലെ ഉത്തരവ് ചോദ്യംചെയ്ത് പ്രണവ് ശ്രീനിവാസന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
Also Read: മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന; നടപടി ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ
തമിഴ്നാട്ടുകാരായിരുന്ന മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് സിങ്കപ്പൂരിലേക്ക് പോകുമ്പോള്‍ ഗര്‍ഭസ്ഥശിശുവായിരുന്നു പ്രണവ്. 1998-ല്‍ അച്ഛനമ്മമാര്‍ സിങ്കപ്പൂര്‍ പൗരത്വമെടുത്തശേഷമാണ് പ്രണവ് ജനിച്ചത്. ജനനംകൊണ്ട് സിങ്കപ്പൂര്‍ പൗരനായ പ്രണവ് പ്രായപൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു. പൗരത്വനിയമം എട്ടാം (രണ്ട്) വകുപ്പുപ്രകാരം പൗരത്വം പുനഃസ്ഥാപിക്കണമെന്ന പ്രണവിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി.
ഈ വകുപ്പുപ്രകാരമുള്ള പൗരത്വം പുനഃസ്ഥാപിക്കലിന് പ്രണവ് അര്‍ഹനല്ലെന്നാണ് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. പകരം നിയമത്തിലെ മറ്റുവകുപ്പുകള്‍പ്രകാരം പുതുതായി പൗരത്വത്തിന് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനെതിരേ പ്രണവ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടായി. ഇതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രണവിന്റെ അച്ഛനമ്മമാരും അവരുടെ അച്ഛനമ്മമാരും തമിഴ്നാട്ടിലാണ് ജനിച്ചത്. മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ സ്വാതന്ത്ര്യത്തിനുമുന്‍പ് അവിഭക്ത ഇന്ത്യയില്‍ ജനിച്ചവരാണെന്നതിനാല്‍ തനിക്ക് സ്വാഭാവികമായി ഇന്ത്യന്‍ പൗരത്വത്തിന് അവകാശമുണ്ടെന്നാണ് പ്രണവ് വാദിച്ചത്.
എന്നാല്‍, ഈ വാദം സുപ്രീംകോടതി തള്ളി. ഇത് അംഗീകരിച്ചാല്‍, ആദ്യപൗരത്വനിയമം നിലവില്‍വന്ന 1935-നുശേഷം പാകിസ്താനിലോ ബംഗ്ലാദേശിലോ ജനിച്ചവരുടെ മക്കളോ കൊച്ചുമക്കളോ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാവില്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു.