കല്‍പ്പറ്റ: മടങ്ങാൻ വഴികളില്ലാതെ ദുരന്തമുണ്ടായ അന്ന് മുതൽ ചൂരൽമലയിൽ താമസമായിരുന്നു നാടിന്റെ സ്വന്തം കെ എസ് ആർ ടി സി ഒടുവിൽ മടങ്ങി. കല്‍പ്പറ്റയില്‍നിന്നും രാത്രി എട്ടരയോടെ പുറപ്പെട്ട ബസ് ഒന്‍പതേമുക്കാലോടെ അന്നും മുണ്ടക്കൈയിലെത്തി. എന്നാല്‍ ബസ്സില്‍നിന്നിറങ്ങിയ പലരുടെയും ജീവിതം പിന്നീടെന്തായെന്ന് ആര്‍ക്കുമറിയില്ല. ചൂരല്‍മല ക്ഷേത്രത്തിനുമുന്നിലെ ക്ലിനിക്കിനോട് ചേര്‍ന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറ്.
അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് കണ്ടക്ടര്‍ സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവര്‍ പി.വി.സജിത്തും എഴുന്നേറ്റത്. പക്ഷെ പേടിച്ചിട്ട് പുറത്തിറങ്ങിയില്ല. രാവിലെ അവര്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. കടന്നുവന്ന പാലമില്ല. അക്കരെ ചൂരല്‍മല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും ഒന്നുമില്ല. ബെയ്‌ലിപാലം പൂര്‍ത്തിയായതോടെയാണ് ഇരുവരും അക്കരെയെത്തിയത്.
ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. സ്ഥിരം യാത്രക്കാര്‍ ആരുമില്ലാതെ ബസിലെ ജീവനക്കാരില്ലാതെ എല്ലാത്തിനും മൂകസാക്ഷിയായി കിടന്നിരുന്ന ബസും മുണ്ടക്കൈ ദുരന്തത്തിലെ ഒരംഗമായിരുന്നു. മുണ്ടക്കൈ പ്രദേശത്തെ കല്‍പ്പറ്റ നഗരവുമായി ബന്ധിപ്പിക്കുന്ന അവരുടെ സ്വന്തം ബസായിരുന്നു അത്. മുണ്ടക്കൈയിലെ ജനങ്ങളുമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസിനും അത്രമേല്‍ ബന്ധമുണ്ട്. ഉരുള്‍പൊട്ടലും അതിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിനുമൊക്കെ മൂകസാക്ഷിയായശേഷം ഇന്നലെ വൈകിട്ടോടെയാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് കല്‍പ്പറ്റ ഡിപ്പോയിലേക്ക് മാറ്റിയത്.
ചൂരൽമലയിലെ കടകളും, ആളുകളും ഒന്നും കാണാതെ, സ്ഥിരം കയറുന്ന ആളുകളെ കയറ്റാൻ ഒരിടത്തും നിർത്താതെ ഇനിയെന്ന് മുണ്ടക്കൈക്ക് തിരിച്ചുവരുമെന്ന് പോലും അറിയാതെ ബസ് ആ നാട്ടിൽ നിന്ന് മടങ്ങി.