കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മക്കളില്‍ നിന്ന് അഭിപ്രായം തേടാന്‍ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രതാപ് സോംനാഥൻ ,മൂന്നു മക്കളെയും ഹിയറിംഗിന് വിളിച്ചു. ഉച്ചയ്ക്ക് 12ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണോ, അതോ മതാചാരപ്രകാരം സംസ്കരിക്കണമോ എന്ന കാര്യത്തില്‍ മക്കളില്‍ നിന്ന് അഭിപ്രായം തേടുന്നതിനാണ് ഹിയറിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏകാഭിപ്രായത്തിലെത്താന്‍ ആയില്ലെങ്കില്‍ മെഡിക്കല്‍ കോളജ് സ്വന്തം ലയില്‍ തീരുമാനമെടുക്കുകയോ അല്ലെങ്കില്‍ കോടതിക്ക് കൈമാറുകയോ ചെയ്യും.
ALSO READ: ദേശീയപാത: യാത്രാദുരിതത്തിനിടെ പെറ്റിയടിയും
മൃതദേഹം മതാചാരപ്രകാരം അടക്കംചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇളയ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് വിട്ടുകൊടുക്കാന്‍ മൂത്തമക്കളായ അഡ്വ. എം.എല്‍. സജീവനും സുജാത ബോബനും സമ്മതപത്രം നൽകുകയും ചെയ്തിരുന്നു.
എന്നാല്‍ മതാചാരപ്രകാരം സംസ്കാരം നടത്തണമെന്നതായിരുന്നു ആശ ലോറന്‍സിന്റെ നിലപാട്. പ്രിന്‍സിപ്പലിന്റെ തീരുമാനം അനുകൂലമല്ലെങ്കില്‍ താന്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ആശ ലോറന്‍സ് ചൊവ്വാഴ്ചയും പറഞ്ഞു. മൃതദേഹം ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.