CMDRF

പിഎസ്‌സി വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണം പ്രതിപക്ഷനേതാവ്, ക്രമക്കേട് ശ്രദ്ധയിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി

പിഎസ്‌സി വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണം പ്രതിപക്ഷനേതാവ്, ക്രമക്കേട് ശ്രദ്ധയിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി
പിഎസ്‌സി വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണം പ്രതിപക്ഷനേതാവ്, ക്രമക്കേട് ശ്രദ്ധയിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെയും മുഖ്യമന്ത്രിയുടെയും വാക്പോരും പ്രതിപക്ഷത്തിന്റെ വോക്കൗട്ടും. വിവാദം പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് സബ്‌മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചപ്പോൾ മാധ്യമവാർത്തകളല്ലാതെ ക്രമക്കേടുണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഎസ്‌സി അംഗത്വം സർക്കാർ ലേലത്തിനു വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അതേസമയം, വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചതിനു തൊട്ടുമുൻപ് കോൺഗ്രസ് പൊലീസിനു പരാതി അയച്ചെന്നും ഇതു പ്രതിപക്ഷ നേതാവിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി പണം നൽകി ഒത്തുതീർപ്പാക്കിയതിനുശേഷം ഇന്നലെ പറഞ്ഞ കാര്യങ്ങൾപോലും മുഖ്യമന്ത്രി ഇന്നു മാറ്റിപ്പറഞ്ഞെന്ന് വി.ഡി.സതീശൻ ആരോപിച്ചതോടെ അതെല്ലാം കോൺഗ്രസിന്റെ പരിപാടിയാണ് ഞങ്ങൾ അങ്ങനെ ചെയ്യില്ലെന്നു മുഖ്യമന്ത്രിയും തിരിച്ചടിച്ചു.

പിഎസ്‌സി അംഗത്വമെന്നത് ഭരണഘടനാപരമായ ചുമതലയാണ്. പാർട്ടി നേതാക്കളുടെ സന്തത സഹചാരികളാണ് ഇതിലെ തെറ്റുകാർ. നേതാക്കളുടെ കൂടെ നടന്നു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നവർ നേതാക്കൾക്കു നൽകാനാണെന്നു വിശ്വസിപ്പിച്ച് ആളുകളിൽനിന്നു പണം തട്ടുകയാണ്. ആരോപണമുയർന്ന നേതാക്കൾ തെറ്റുചെയ്തെന്നല്ല പറയുന്നത്. ഇങ്ങനെയൊരു കോക്കസ് പ്രവർത്തിക്കുന്നുവെന്നു പൊതുമരാമത്ത് മന്ത്രി തന്നെ പരാതി കൊടുത്തുകഴിഞ്ഞു. കണ്ണൂരിൽ മാത്രമല്ല കോഴിക്കോട്ടും കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നാണ് അതിനർഥം.

പിഎസ്‌സി അംഗത്വം ലേലത്തിനു വയ്ക്കുന്നത് ആദ്യമായല്ല. നേരത്തെ എൻസിപിയുടെ എ.കെ.ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബിജു ആബേൽ ജേക്കബിൻ്റെ ടെലിഫോൺ സംഭാഷണം പുറത്തുവന്നതിൽ പിഎസ്‌സി അംഗത്തെ നിയമിക്കാൻ ലക്ഷക്കണക്കിനു രൂപ വാങ്ങിയെന്നു പരാമർശിച്ചിരുന്നു. ജനതാദൾ എസിനുള്ള പോസ്‌റ്റ് ഒരു വർഷമായി നിയമിക്കാതിരിക്കുകയാണെന്ന് ആ പാർട്ടിയുടെ സംസ്‌ഥാന നേതാക്കൾ തന്നെ പരാതി നൽകി കൂടുതൽ പണം നൽകുന്നവർക്കാണ് കൊടുക്കുന്നത്. ഐഎൻഎല്ലിനെ സംബന്ധിച്ചും ആക്ഷേപം ഉണ്ടായി. സർക്കാരിനു നേതൃത്വം നൽകുന്ന പാർട്ടി തന്നെ അംഗത്വം ലേലത്തിൽ വച്ചാൽ ഘടകകക്ഷികളും അതു ചെയ്യും. ഇങ്ങനെ പണം വാങ്ങിവന്നവർ പിഎസ്‌സിയിൽ വന്നാൽ അതിന്റെ വിശ്വാസ്യത എന്താകും?

നിങ്ങളുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമല്ല ഇത്. ഇത്രയും പരാതി വന്നിട്ടും കേസ് പൊലീസിനു നൽകിയില്ല. പരാതി ഫ്രീസറിൽ വച്ചു. ഇതു ഗൗരവമേറിയ ക്രിമിനൽ കുറ്റമാണ്. പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തണം. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണം”- സബ്‌മിഷനിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയാണ് പിഎസ്‌സി ഇതുവരെ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ല. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പ്രകാരം കാര്യക്ഷമമായി പ്രവർത്തിക്കുന്ന പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ആരോപണങ്ങൾ നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.

“ഇതിലുള്ള മാധ്യമവാർത്തകൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചതിനുശേഷം ചൊവ്വാഴ്‌ച രാവിലെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെന്ന പേരിൽ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണർക്ക് ഒരു പരാതി ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ അതിനു ബലം ലഭിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. വിഷയത്തിൽ ഏത് അന്വേഷണത്തിനും തയാറാണ്. തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടിയെടുക്കും”-മുഖ്യമന്ത്രി പറഞ്ഞു.

Top