വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന പരിഗണന ഇനി ലഭിക്കില്ല, ഇപിക്ക് എതിരെ കടുത്ത നടപടിക്ക് സി.പി.എം !

വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന പരിഗണന ഇനി ലഭിക്കില്ല, ഇപിക്ക് എതിരെ കടുത്ത നടപടിക്ക് സി.പി.എം !
വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന പരിഗണന ഇനി ലഭിക്കില്ല, ഇപിക്ക് എതിരെ കടുത്ത നടപടിക്ക് സി.പി.എം !

ഡല്‍ഹി: സി.പി.എം കേന്ദ്രകമ്മറ്റി അംഗമായ ഇപി ജയരാജനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ദല്ലാള്‍ നന്ദകുമാറുമൊത്ത് ചര്‍ച്ച നടത്തിയ ഇപി ജയരാജന്റെ നടപടിയാണ് സി.പി.എം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം തന്നെ പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കി കൂടിക്കാഴ്ച ഇപി സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ, നടപടി സ്വീകരിക്കുകയല്ലാതെ സി.പി.എമ്മിനു മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതായിരിക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം തുറന്നു പറയാന്‍ വോട്ടെടുപ്പ് ദിവസം തന്നെ ജയരാജന്‍ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണോയെന്നതും സി.പി.എം പരിശോധിക്കും. ഇക്കാര്യത്തിലും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടക്കും. ഇപി ജയരാജന്‍ വിവാദ കൂടിക്കാഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥിരീകരിച്ചത് സി.പി.എം നേതാക്കളെയും അണികളെയും മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലും ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

ഇതാണ് ഇപി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക് പോകാന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തെയും പ്രേരിപ്പിച്ചിരിക്കുന്നത്. ജയരാജന്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായതിനാല്‍, അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരവും സി.പി.എം കേന്ദ്ര കമ്മറ്റിയ്ക്കാണുള്ളത്. തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന സി.പി.എം പി.ബി യോഗത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച നിര്‍ണ്ണായക നീക്കമുണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് എന്ത് വിശദീകരണം ഇപി ജയരാജന്‍ സി.പി.എം നേതൃത്വത്തിനു നല്‍കിയാലും നടപടി എടുക്കാതെ പാര്‍ട്ടിക്ക് ഒരടി മുന്നോട്ടു പോകാന്‍ കഴിയുകയില്ല. കടുത്ത അച്ചടക്ക ലംഘനമാണ് ഇപി നടത്തിയതെന്ന കാര്യത്തില്‍, സി.പി.എം നേതാക്കള്‍ക്കും അണികള്‍ക്കും ഏകാഭിപ്രായമാണ് ഉള്ളത്.

ഈ ലോക സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച്, അവരുടെ ദേശീയ പാര്‍ട്ടി അംഗീകാരത്തിനും നിര്‍ണ്ണായകമാണ്. ഇക്കാര്യം പാര്‍ട്ടി ഗൗരവമായി എടുത്തതിനാലാണ്, പൊന്നാനിയിലെ മുന്‍ ലീഗ് സെക്രട്ടറിയായ സ്ഥാനാര്‍ത്ഥിക്ക് പോലും, മാനദണ്ഡങ്ങള്‍ തെറ്റിച്ച് പാര്‍ട്ടി ചിഹ്നം അനുവദിച്ചിരുന്നത്. സിറ്റിംഗ് എം.എല്‍.എ മാരെ ഉള്‍പ്പെടെ സി.പി.എം രംഗത്തിറക്കിയതും, ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍, ലോകസഭ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമായതിനാലാണ്. ഇക്കാര്യം ബോധ്യമുള്ള ഇപി ജയരാജന്‍ തന്നെയാണ്, ഒടുവില്‍ ‘കലം’ ഉടയ്ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഇടതുപക്ഷ മുന്നണിയെ നയിക്കേണ്ട കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന്‍ ബി.ജെ.പി നേതാവുമായി ചര്‍ച്ച നടത്തിയതായ വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതോടെ ചാനല്‍ ചര്‍ച്ചകളില്‍ രാവിലെ മുതല്‍ ബ്രേക്കിങ് ന്യൂസും ഇതു മാത്രമായിരുന്നു. യു.ഡി.എഫ് – ബി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകരും ഈ വാര്‍ത്ത ശരിക്കും ആഘോഷിക്കുകയും ചെയ്തു. ന്യൂനപക്ഷ വോട്ടര്‍മാരില്‍ ഇപി ബി.ജെ.പിയിലേക്ക് പോകുകയാണെന്ന തരത്തിലുള്ള പ്രചരണമാണ് ലീഗ് – കോണ്‍ഗ്രസ്സ് അണികള്‍ അഴിച്ചു വിട്ടിരുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കുന്ന നീക്കമായാണ് ഒടുവില്‍ ഈ പ്രചരണം മാറിയിരുന്നത്. മുഖ്യമന്ത്രി കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ പരമാവധി ഇടതു പ്രവര്‍ത്തകര്‍ ശ്രമിച്ചതും ഈ തിരഞ്ഞെടുപ്പ് ദിവസത്തെ കാഴ്ചകളാണ്.

പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ഇപി തന്നെ വ്യക്തമാക്കിയതോടെ, ദല്ലാള്‍ നന്ദകുമാറും ശോഭ സുരേന്ദ്രനും പറഞ്ഞതാണ് ശരിയെന്ന പ്രതീതിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. അതാണ് യു.ഡി.എഫ് കേന്ദ്രങ്ങളും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പാർലമെൻ്റിലെ പൊതുയിടത്ത് എൻ.കെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള ഏതാനും എം പിമാർക്ക് ഭക്ഷണം നൽകിയതിനെ കൂടിക്കാഴ്ചയായി ചിത്രീകരിച്ച സി.പി.എം നേതൃത്വത്തിന് ഇ.പി – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ എന്തു മറുപടിയാണ് പറയാനുള്ളത് എന്ന് യു.ഡി.എഫ് ചോദിക്കുമ്പോൾ മറുപടി പറയാനില്ലാതെ തലകുനിക്കേണ്ട അവസ്ഥയാണ് സി.പി.എം പ്രവർത്തകർക്കും നേതാക്കൾക്കുമുള്ളത്.

‘ജയരാജന്‍ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നുവെന്നും, പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജന്‍ പറയട്ടെയെന്നുമാണ്’ ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ഇപിയുമായുള്ള കൂടിക്കാഴ്ചയില്‍ ‘തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവദേക്കര്‍ പറഞ്ഞതായും, പകരം ലാവലിന്‍ കേസിലും സ്വര്‍ണ്ണക്കടത്തു കേസിലും തുടര്‍ നടപടികള്‍ ഉണ്ടാകില്ലന്ന ഉറപ്പാണ് ജാവദേക്കര്‍ നല്‍കിയതെന്നുമാണ്’ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നത്.ഇതിലെ യാഥാര്‍ത്ഥ്യം എന്തു തന്നെ ആയാലും തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്റെ ഫ്ലാറ്റില്‍ വച്ച് ദല്ലാള്‍ നന്ദകുമാറുമൊത്തു ജാവദേക്കറെ കണ്ടതായി ഇപി ജയരാജന്‍ തന്നെ പരസ്യമായി സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്.

‘ഞാന്‍ എവിടെയാണ് ഉള്ളതെന്ന് ഒരാള്‍ മകനോട് ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടു പേര്‍ കയറിവരികയാണ് ഉണ്ടായതെന്നാണ് ജയരാജന്‍ പറയുന്നത്. വീട്ടില്‍ കയറി വന്നപ്പോള്‍ ഇറങ്ങി പോകാന്‍ പറ്റില്ലല്ലോ’ എന്നും ജയരാജന്‍ ചോദിക്കുകയുണ്ടായി.ജയരാജന്റെ ഈ ന്യായീകരണം സി.പി.എം അനുഭാവികള്‍ പോലും വിശ്വസിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. തൃശൂര്‍ രാമനിലയത്തില്‍ പിണറായിയോളം തലപ്പൊക്കമുള്ള സി.പി.എം നേതാവ് തന്നെ വന്നു കണ്ടു എന്ന ശോഭാ സുരേന്ദ്രന്റെ വാക്കുകളും ഇപി ജയരാജന്റെ വെളിപ്പെടുത്തലും കൂടിയാണ് അവര്‍ ചേര്‍ത്തുവായിക്കുന്നത്. ഇപി ജയരാജന്‍ പാര്‍ട്ടിയെ ചതിച്ചു എന്ന വികാരമാണ് സി.പി.എം അണികള്‍ക്കിടയില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് ഏത് രൂപത്തില്‍ പ്രതിഫലിക്കും എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്.

ഇപിയുടെ മകനുമായി ജനുവരി 18 ന് എറണാകുളം റെനിയസ്സന്‍സ് (Reniassance) ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തലും എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായി മാറിയിട്ടുണ്ട്.

‘ഇന്നത്തെ കോണ്‍ഗ്രസ്സാണ് നാളത്തെ ബി.ജെ.പി’ എന്ന് വ്യാപകമായി പ്രചരണം നടത്തിയ ഇടതുപക്ഷത്തെ ഒറ്റയടിക്ക് പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലും അതിന്റെ സ്ഥിരീകരണവുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അക്കാര്യം വ്യക്തവുമാണ്. ഇപി ജയരാജന്‍ ഒന്നും പ്രതികരിച്ചിട്ടില്ലായിരുന്നു എങ്കില്‍, വെറും ആരോപണം മാത്രമായി അന്തരീക്ഷത്തില്‍ കിടക്കുമായിരുന്ന വിഷയമാണ് , ഇ.പിയുടെ വിവാദ കൂടിക്കാഴ്ച സംബന്ധമായ സ്ഥിരീകരണത്തോടെ കൈവിട്ടു പോയിരിക്കുന്നത്. ഇപി ജയരാജനുമായി കൂടിക്കാഴ്ച നടന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ കൂടി രംഗത്ത് വന്നതോടെ, വോട്ടര്‍മാരാണ് ആകെ ആശയകുഴപ്പത്തില്‍ ആയിരിക്കുന്നത്. അവസരം മുതലെടുത്ത്, കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളും ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സ്ഥാനമാണ് ഇപിയ്ക്ക് നല്‍കിയ വാഗ്ദാനമെന്നാണ് സുധാകരന്‍ പറയുന്നത്.

ഇപി ജയരാജന്‍ ബി.ജെ.പിയിലേക്ക് പോകാന്‍ കൂടിക്കാഴ്ച നടത്തിയത് വ്യക്തമായ സ്ഥിതിക്ക്, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരായ ആരോപണം ചീറ്റിപോയതായാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതാകട്ടെ അവരുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രകാശ് ജാവദേക്കറെ പോലുള്ള ഉന്നത ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നു പറഞ്ഞ ഇപി ജയരാജന്‍, യഥാര്‍ത്ഥത്തില്‍ ‘കുലംകുത്തിയുടെ’ പണിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇപി ജയരാജനെതിരെ നടപടി സ്വീകരിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ സി.പി.എമ്മിന് കഴിയില്ലന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നാണ് ആദ്യം ഇപിയെ പുറത്താക്കേണ്ടത് എന്ന അഭിപ്രായം സി.പി.ഐ അടക്കമുള്ള ഇടതു ഘടകകക്ഷികളിലും രൂപപ്പെട്ടിട്ടുണ്ട്. സി.പി.എം നേതാക്കളിലും സമാന അഭിപ്രായം ശക്തമാണ്. ഇപി ജയരാജനുമായി ഏറെ അടുപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും ഇപിയുടെ ഇപ്പോഴത്തെ നീക്കം ചൊടിപ്പിച്ചിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം തള്ളിയതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നാണ് ‘ ഇതേ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയന്‍ പരസ്യമായി പറയുകയുണ്ടായി. ഇത്തരക്കാരുമായി പരിധിക്കപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നാണ്, മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്തു നിന്നും ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും വലിയ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടു തന്നെ തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇ.പി ജയരാജന് എതിരെ ഇനിയും നടപടി സ്വീകരിച്ചില്ലങ്കില്‍, അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഇക്കാര്യംകൂടി പരിഗണിച്ചാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

ശരീരത്തില്‍ വെടിയുണ്ട ഏറ്റുവാങ്ങിയ നേതാവെന്ന പരിഗണന ഇനിയും നല്‍കി വിട്ടുവീഴ്ച ചെയ്യാന്‍ സമ്മതിക്കില്ലന്ന നിലപാട് സി.പി.എം അണികളിലും വ്യാപകമായിട്ടുണ്ട്. ഇപി ആ വെടിയുണ്ട ഏറ്റു വാങ്ങിയ ശരീരം വച്ചാണ് ചര്‍ച്ച നടത്തിയത് എന്നത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍ ഉള്ളത്. അനവധി പേര്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്, സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണെന്നും, ആ ത്യാഗത്തിനു മീതെയല്ല ഇപിയുടെ ത്യാഗമെന്നത് ഓര്‍ക്കണമെന്നുമാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നത്.

ഏതെങ്കിലും പൊതു വേദിയില്‍വച്ച് ബി.ജെ.പി നേതാവിനോട് സംസാരിക്കുന്നത് പോലെയല്ല വീട്ടില്‍ വച്ചും മറ്റും രഹസ്യ കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് സി.പി.എം കേന്ദ്ര നേതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറല്ലെങ്കിലും, ഇപിയ്ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന സൂചന തന്നെയാണ് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി അച്ചടക്കം നേതാക്കള്‍ക്കും ബാധകമാണെന്നാണ്, ഇതു സംബന്ധിച്ച് ഒരു നേതാവ് നല്‍കിയിരിക്കുന്ന മറുപടി.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇനി ഇപി ജയരാജന് മാത്രമായിരിക്കും. അതേസമയം, ഈ വെല്ലുവിളികളെയും അതിജിവിച്ച് ഇടതുപക്ഷം വന്‍ വിജയം നേടിയാലും ഇപി ജയരാജന് എതിരായ അച്ചടക്ക നടപടിയില്‍ നിന്നും പിന്‍മാറാന്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന് കഴിയുകയില്ല. നേതൃത്വം ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top