തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ്പോൾ പ്രവചനം തള്ളി ഇടത്-വലത് മുന്നണികൾ. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഒരു മണ്ഡലത്തിലുമില്ലെന്ന് അവർ വിലയിരുത്തുന്നു.അതേസമയം, മൂന്നു വരെ സീറ്റുകൾ പ്രവചിക്കുന്ന എക്സിറ്റ്പോൾ ഫലത്തിൽ ബി.ജെ.പി ക്യാമ്പ് വലിയ ആവേശത്തിലാണ്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരളത്തിൽ ബി.ജെ.പിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ്പോൾ പ്രവചനം വരുന്നത്.
അതേസമയം, എക്സിറ്റ്പോളുകൾ എല്ലാം ബി.ജെ.പിക്ക് വിജയം പ്രവചിച്ചത് ഇടത്-വലത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. യു.ഡി.എഫിന് ആധിപത്യം പ്രവചിക്കുമ്പോഴും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതും ദേശീയതലത്തിൽ തിരിച്ചടിയും പ്രവചിച്ചതാണ് കോൺഗ്രസ് എക്സിറ്റ്പോളിനെ അപ്പാടെ തള്ളാൻ കാരണം. യു.ഡി.എഫ് ആധിപത്യവും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതും എൽ.ഡി.എഫിന് വട്ടപ്പൂജ്യം ആയേക്കാമെന്നുമുള്ള പ്രവചനത്തിൽ എൽ.ഡി.എഫ് ക്യാമ്പിലെ ഞെട്ടൽ ചെറുതല്ല.
സംസ്ഥാനത്ത് 13 മുതൽ 19 വരെ സീറ്റുകൾ യു.ഡി.എഫിന് പൂജ്യം മുതൽ അഞ്ച് സീറ്റു വരെ എൽ.ഡി.എഫിന്, ഒന്നു മുതൽ മൂന്ന് സീറ്റുകൾ വരെ ബി.ജെ.പിക്ക് എന്നിങ്ങനെയാണ് പ്രവചനം. എൻ.ഡി.എക്ക് കിട്ടുന്ന സീറ്റ് തൃശൂർ എന്ന് ചിലർ ഉറപ്പിച്ചു പറയുന്നുമുണ്ട്.ബി.ജെ.പി ജയിക്കില്ലെന്ന് പറയുമ്പോൾതന്നെ അങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം എതിരാളികൾക്കുമേൽ കെട്ടിവെക്കാനുള്ള നീക്കങ്ങളും ഇടത് നേതാക്കളുടെ പ്രതികരണത്തിൽ പ്രകടം.
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ ഉത്തരവാദി കോൺഗ്രസ് മാത്രമാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞുകഴിഞ്ഞു. എക്സിറ്റ്പോൾ നടത്തിയവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിശ്വസനീയമല്ലെന്നും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.
ബി.ജെ.പി കേരളത്തിൽ ഒരിടത്തും ജയിക്കില്ല. നാളെ അങ്ങനെയുണ്ടാകില്ലെന്ന് പറയുന്നില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. എക്സിറ്റ്പോളിൽ വിശ്വാസമില്ലെന്നും ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്നും 20 സീറ്റും യു.ഡി.എഫ് നേടുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എം-ബി.ജെ.പി രഹസ്യഡീൽ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെന്ന് എം.എം ഹസനും ആവർത്തിച്ചു.