പത്തനംതിട്ടയില്‍ അട്ടിമറി വിജയം ഉറപ്പെന്ന് സിപിഐഎം നേതാവ് വി.എന്‍.രാജേഷ്. മണ്ഡലത്തിലെ എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നത് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന നിലയിലാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ വരവ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും വി.എന്‍.രാജേഷ് പ്രതികരിച്ചു.
എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക
പത്തനംതിട്ട സീറ്റിലെ ഇടതുപക്ഷത്തിന്റെ വിജയപ്രതീക്ഷയുടെ അടിസ്ഥാനമെന്താണ്?
പത്തനംതിട്ട മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാരണം കഴിഞ്ഞ 15 വര്‍ഷക്കാലമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ അടിസ്ഥാന വികസനം യാതൊന്നും ഒരു പ്രോജക്ടുകളും ഏറ്റെടുത്ത് നടത്താന്‍ വേണ്ടി നാളിതുവരെ കഴിഞ്ഞിട്ടില്ല. 15 വര്‍ഷക്കാലം പത്തനംതിട്ടയ്ക്ക് നഷ്ടപ്പെട്ട വികസനമുന്നേറ്റം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 7 അസംബ്ലി നിയമ നിയോജകമണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടാനായത് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന നിലയിലാണ് പോകുന്നത്.
ഈ മണ്ഡലത്തില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ എന്തൊക്കെയായിരിക്കും
മണ്ഡലത്തിന്റെ വികസനം തന്നെയാണ്. കാരണം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപ്രതിനിധികളായ എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കിഫ്ബി ഉള്‍പ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ അതിനനുസൃതമായി ആവശ്യപ്പെടുന്ന എല്ലാ പദ്ധതികള്‍ക്കും ആവശ്യമായ തുക അനുവദിച്ചു നല്‍കിയിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് ശബരിമല അടക്കമുള്ള വികസന പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ ഗവണ്‍മെന്റ് നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കിഫ്ബി മുഖാന്തരം പത്തനംതിട്ടയിലെ 7 അസംബ്ലി മണ്ഡലങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, അപ്പോള്‍ സ്വാഭാവികമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഡോക്ടര്‍ തോമസ് ഐസക്കാണ് കിഫ്ബി കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ 7 നിയമസഭാ മണ്ഡലങ്ങളിലും നടപ്പാക്കിയ ബഹുഭൂരിപക്ഷം വികസന പ്രവര്‍ത്തനങ്ങളുടെയും ഒരു കാരണഭൂതനായിരിക്കുന്നത് ഐസക്കിന്റെ പദ്ധതിയിലൂടെയാണ്. സ്വാഭാവികമായും ആ വികസന മുന്നേറ്റത്തിന് അദ്ദേഹത്തിന് ജനങ്ങള്‍ അംഗീകാരം നല്‍കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.
പത്തനംതിട്ടയിലെ ഏതൊക്കെ നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനു മുന്‍തൂക്കം ഉണ്ട് ?
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളാണ്. അടൂര്‍, കോന്നി, റാന്നി, ആറന്മുള, തിരുവല്ല ഉള്‍പ്പെടെയുള്ള 5 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുന്‍തൂക്കം ലഭിക്കും. സ്വാഭാവികമായും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് പൂഞ്ഞാറ്, കാഞ്ഞിരപ്പള്ളി. അത് മുന്‍പേ യുഡിഎഫിന് വലിയ മുന്നേറ്റം നല്‍കിയ മണ്ഡലങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള കോണ്‍ഗ്രസ് എം എന്ന് പറയുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായതോടുകൂടി കോട്ടയം ജില്ലയുടെ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം നല്‍കാന്‍ കഴിയുന്ന നിലയിലുള്ള ഒട്ടനവധി വികസന പദ്ധതികള്‍ക്കും തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും 7 അസംബ്ലി മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഈ മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ടോ ?
ജോസഫ് വിഭാഗത്തിന് വലിയ സ്വാധീനമില്ല. കാരണം കേരള കോണ്‍ഗ്രസ് എമ്മിനാണ് ഈ മണ്ഡലത്തില്‍ വലിയ സ്വാധീനം ഉള്ളത്.
അനില്‍ ആന്റണിയും എ കെ ആന്റണിയും രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് അഭിപ്രായമുണ്ടോ ?
തീര്‍ച്ചയായും. കാരണം ആന്റണി തന്നെയാണ് മകനെ പറഞ്ഞ് ബിജെപിയുടെ പാളയത്തിലേക്ക് വിട്ടത്. ലീഡറിന്റെ മകള്‍ ബിജെപിയുടെ ഭാഗമായി. ഇന്ന് കോണ്‍ഗ്രെസ്സായി നില്‍ക്കുന്നവരെല്ലാം നാളെ ബിജെപിയുടെ ഭാഗമായിത്തീരും എന്ന കാര്യം യാഥാര്‍ഥ്യമാണ്. അത് സമൂഹത്തില്‍ നാളിതുവരെ തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആകെ ഇത് നടന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും വിവരവും ബോധവും ഉള്ള ജനങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത്.
കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് വന്നത് എത്രമാത്രം ഗുണം ചെയ്യുമെന്നാണ് കരുതുന്നത് ?
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ വരവ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് വലിയ പ്രതീക്ഷയാണ്. കാരണം അവരുടെ ഇടത്തരം കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി വരാന്‍ കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നീറുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്, റബ്ബറിന്റെ വില ഇടിവ്, അതുപോലെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ച പരിഹാരം കാണുന്നതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരേ മനസ്സോടുകൂടി ഇടപെടുകയാണ്. സ്വാഭാവികമായും റബറിന്റെ വിലസ്ഥിരത ഫണ്ട് ഉള്‍പ്പടെയുള്ളത് വര്‍ദ്ധിപ്പിച്ചു നല്‍കാനും അതിനുവേണ്ടി റബ്ബര്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് അതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാക്ടറി അടക്കം തുടങ്ങുന്നതിനു വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗവണ്‍മെന്റാണ് മുന്‍കൈയെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസിന്റെ ഭാഗമായി നില്‍ക്കുന്ന കൃഷിക്കാര്‍ ഇടത്തര വിഭാഗത്തിലുള്ള ആളുകള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി മാറ്റം കൊതിക്കുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്സ് പ്രസ്സ് കേരള വീഡിയോയില്‍ കാണുക