കോഴിക്കോട് : കൂരാച്ചുണ്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ ഉഗ്രസ്ഫോടന ശബ്ദം വമ്പൻ പാറ അടർന്നുവീണതുകൊണ്ട്. ഉറവിടം കണ്ടെത്തി പ്രദേശവാസികൾ. മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്താണ് കഴിഞ്ഞദിവസം ശബ്ദം കേട്ടത്
ഇന്നലെ രാത്രി 10.30നാണ് പ്രദേശവാസികൾ വൻ ശബ്ദം കേട്ടത്. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടിരുന്നു. ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് ഈ മേഖലയിലെ കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാവിലെയാണ് ആളുകൾ കുന്നിൻമുകളിൽ പരിശോധന നടത്തിയത്.
വലിയ പാറ അടർന്ന് മണ്ണും ചെളിയും ഉൾപ്പെടെ 50 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി. പാറ വീണ്ടും അടർന്നുവീഴാനുള്ള സാധ്യത നിലനിൽക്കുകയാണ്. മലമുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയാണ്.