ഇനി മുതല്‍ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലുള്ളവര്‍ക്ക് വേണ്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. പുതിയതായി ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറൊരുക്കി സ്വിഗ്ഗി. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഷോപ്പിങ് നടത്താനും ആപ്പ് ഉപയോഗിച്ച് റസ്റ്റോറൻ്റിൽ ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയുമെന്നാണ് സ്വഗ്ഗി അവകാശപ്പെടുന്നത്.
ഇന്റര്‍നാഷണല്‍ ലോഗിന്‍ ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേക അവസരങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ അത്ഭുതപ്പെടുത്താനാകുമെന്നും സ്വിഗ്ഗിയുടെ കോ-ഫൗണ്ടര്‍ ഫാനി കിഷന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താം.
‘സ്വിഗ്ഗി സീല്‍ ബാഡ്ജ്’ എന്ന ഫീച്ചറും കഴിഞ്ഞ ദിവസം സ്വിഗ്ഗി അവതരിപ്പിച്ചിരുന്നു. വൃത്തിയുടെ കാര്യത്തില്‍ ഹോട്ടലുകളെ ഒരു ‘പാഠം പഠിപ്പിക്കുക’. ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഭക്ഷണം പാക്ക് ചെയ്ത രീതി, അവ സെര്‍വ് ചെയ്ത രീതി എന്നതെല്ലാം വെച്ച് റേറ്റിംഗ് നല്‍കാവുന്നതാണ്. ഇവ കൂടാതെ ഭക്ഷണം പാകം ചെയ്ത രീതി ശരിയല്ലെങ്കിലും ഉപഭോക്താവിന് സ്വിഗിയോട് പരാതിപ്പെടാം. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വിഷയമാണെങ്കില്‍ സ്വിഗ്ഗി ഹോട്ടലുകള്‍ക്ക് സീല്‍ ബാഡ്ജ് നല്‍കില്ല.