തൃശൂർ: ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതിയെ കുന്നംകുളം പൊലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. കൊളവല്ലൂർ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടിൽ രാഖിലി (28) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് ചൊവ്വന്നൂരിൽ നടത്തിയ വാഹന പരിശോധനക്കിടെ 2 കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. സംഭവത്തിൽ നിതീഷ്, മുഹമ്മദ് അൻസിൽ എന്നിവരെ കുന്നംകുളം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവിൽ നിന്ന് വാങ്ങി ചാവക്കാട്ടേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്. തുടർന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് രാഖിലിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ രണ്ടുപേർക്ക് രാഖിലിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും വിൽപ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Also read: ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ അറസ്റ്റിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ രാഖിലെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സുകുമാരൻ, അസി. സബ് ഇൻസ്‌പെക്ടർ ജോഷി,സിവിൽ പൊലീസ് ഓഫീസർമാരായ രവികുമാർ, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.