ബ്രസീൽ: രണ്ടു പതിറ്റാണ്ടായി ഭാര്യയെയും ഭാര്യ മാതാവിനെയും ഏഴു മക്കളെയും തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ശരിയായ ചികിത്സ ലഭിക്കാതെ തടവിലിരിക്കെ ഇയാളുടെ ഭാര്യമാതാവ് മരിക്കുകയും ചെയ്തിരുന്നു. ബ്രസീലിലെ നോവോ ഓറിയന്റിലുള്ള വീട്ടിൽ നിന്ന് പെൺമക്കളിൽ ഒരാൾ രക്ഷപ്പെട്ടതിനെ തുടർന്നാണ് കുറ്റകൃത്യങ്ങൾ വെളിച്ചത്തുവന്നത്. ഇയാൾക്കെതിരെ ടങ്കലിൽവെക്കൽ, ബലാത്സംഗം, മാനസിക പീഡനം, ഗർഭച്ഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.
54 കാരനായ പ്രതി വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യയെ തടവിലാക്കിയിരിക്കുകയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ മാത്രമാണ് അവരെ പുറത്തിറക്കിയത്. ‘അയൽവാസികൾക്ക് അവരെ അറിയില്ലായിരുന്നു, അവരുടെ ബന്ധുക്കൾക്ക് പോലും കാണാൻ അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് വക്താവ് ഹെറിക റിബെയ്‌റോ സേന പറഞ്ഞു.
Also Read: യുകെയിൽ ഇന്ത്യൻ റെസ്റ്റോറൻ്റ് മാനേജരെ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്ക് ജീവപര്യന്തം
മൂന്നിനും 22നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികൾ ഇയാൾക്കുണ്ടായിരുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും കാണുന്നതിനായി ഇയാൾ വീടിന്റെ ചുമരുകളിൽ ദ്വാരങ്ങൾ ഇട്ടിരുന്നതായി പെൺമക്കൾ പറഞ്ഞു. പെൺമക്കളെ ബലാത്സംഗം ചെയ്ത ഇയാൾ അവരെ ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തു. പെൺമക്കളിൽ ഒരാൾ ഇയാൾക്ക് ഉറക്കഗുളിക നൽകി രക്ഷപ്പെട്ട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.