റായ്പൂർ: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശി ഫൈസൻ ഖാനാണ് പിടിയിലായത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ഫൈസാൻ ഖാനെ ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാന് നേരെ ധാരാളം ഭീഷണികൾ വരുന്നതിനിടയിലാണ് ഷാറൂഖ് ഖാന് നേരെയും ഭീഷണി വന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാറൂഖ് ഖാനെതിരെ വധഭീഷണി സന്ദേശം വന്നത്. എന്നാൽ തന്റെ ഫോൺ ഏതാനും ദിവസം മുമ്പ് നഷ്ടപ്പെട്ടന്നായിരുന്നു അഭിഭാഷകൻ കൂടിയായ ഫൈസൻ ഖാൻ പറഞ്ഞത്. അന്വേഷണത്തിൽ സഹകരിക്കുമെന്നും മുംബൈ പൊലീസിനു മുമ്പാകെ നവംബർ 14ന് ഹാജരാകുമെന്നും ഫൈസൻ ഖാൻ പ്രതികരിച്ചു.
Also Read: ഒളിവിൽ തന്നെ ; മുൻകൂർജാമ്യം തേടി നടി കസ്തൂരി
അതേസമയം, രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കിയതിന് ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിനായി തന്നെ കുടുക്കുകയാണെന്നും ഫൈസാൻ അവകാശപ്പെട്ടു.1993-ൽ പുറത്തിറങ്ങിയ ‘അഞ്ജാം’ എന്ന സിനിമയിൽ ഖാൻ മാനിനെ കൊന്നതായി കാണിച്ചിരുന്നുവെന്നും അത് പാചകം ചെയ്ത് കഴിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. നടന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഫൈസാൻ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചിരുന്നു.
വധഭീഷണി വന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഷാറൂഖ് ഖാന് ഒരുക്കിയിട്ടുള്ളത്. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെയാണ് നിയോഗിച്ചത്.