കോയമ്പത്തൂർ: . തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഉപഭോക്താവിൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് തിരികെ നൽകാനും കമ്മീഷൻ സൈറ്റിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരുപ്പൂരിലെ പിച്ചംപാളയത്തെ ഡി ഇന്ദ്രാണി തൻ്റെ മകന് വധുവിനെ കണ്ടെത്താനാണ് 2022 ജനുവരി 17 ന് CommunityMatrimony.comൽ രജിസ്റ്റർ ചെയ്തത്.
രജിസ്ട്രേഷൻ ചാർജായി 3,766 രൂപയാണ് അടച്ചത്. എന്നാൽ, ഇന്ദ്രാണിയും മകനും തിരുപ്പൂരിലെ കമ്പനിയുടെ ഓഫീസിലെത്തി അനുയോജ്യരായ പ്രൊഫൈലുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ, മകന് 33 വയസായതിനാൽ വധു ഒന്നുകിൽ വിധവകളോ വിവാഹമോചിതരോ ആയിരിക്കുമെന്നും 40 പ്രൊഫൈലുകൾ മാത്രമേ അയക്കാനാകൂ എന്നായിരുന്നു മറുപടി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ദ്രാണി രജിസ്ട്രേഷൻ റദ്ദാക്കാക്കി അടച്ച ഫീസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഒരു മാസത്തിനുള്ളിൽ തുക റീഫണ്ട് ചെയ്യാമെന്ന് കമ്പനി സമ്മതിച്ചെങ്കിലും പിന്നീട് പണം തിരികെ നൽകിയില്ല. തുടർന്ന് ഇന്ദ്രാണി തിരുപ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. പൊരുത്തപ്പെടുന്ന പ്രൊഫൈലുകൾ നൽകുന്നതിൽ മാട്രിമോണിയൽ സൈറ്റ് പരാജയപ്പെട്ടെന്നും ഇത് സേവനത്തിലെ അപാകതയാണെന്നും കമ്മീഷൻ അധ്യക്ഷ എസ് ദീപയും, അംഗം എസ് ബാസ്‌കറും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്ന് രജിസ്‌ട്രേഷൻ ഫീസായ 3,766 രൂപയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 10,000 രൂപയും പരാതിക്കാരന് തിരികെ നൽകാൻ കമ്മീഷൻ മാട്രിമോണിയൽ സൈറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു.