മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ജൂലൈ ഒന്ന് തിങ്കളാഴ്ച ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക. വെയിലിന്റെയും കൊടും ചൂടിന്റെയും കഠിനമായ ആഘാതങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴില്‍ സുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഈ നിയമം പ്രഖ്യാപിച്ചത്. ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആര്‍ട്ടിക്കിള്‍ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കില്‍ BD500 മുതല്‍ BD1000 വരെ പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആര്‍ട്ടിക്കിളില്‍ ഉണ്ട്.