ഭൂമിയുടെ രണ്ടാം ചന്ദ്രനായ 2024 പിടി5 എന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും അപ്രത്യക്ഷമായേക്കും. സെപ്റ്റംബർ 29 മുതൽ ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ഈ അതിഥി ഇനി 2055ലായിരിക്കും മടങ്ങി വരിക. കുറച്ച് നാളത്തേക്ക് എങ്കിലും ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണ് 2024 പിടി5 ഛിന്നഗ്രഹം. ഭൂമിയുടെ താൽക്കാലിക മിനി-മൂൺ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
33 അടിയായിരുന്നു ഈ ഛിന്നഗ്രഹത്തിന് ഏകദേശ വ്യാസം. ഭൂമിയുടെ യഥാർഥ ഉപഗ്രഹമായ ചന്ദ്രനേക്കാൾ, വലിപ്പത്തിൽ തീരെ കുഞ്ഞനാണെങ്കിലും ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതോടെ ശാസ്ത്രലോകത്തിന് വലിയ ആകാംക്ഷയാണ് 2024 പിടി5 ഛിന്നഗ്രഹം സമ്മാനിച്ചത്. അർജുന ഛിന്നഗ്രഹക്കൂട്ടത്തിൽ ഉൾപ്പെടുന്ന 2024 പിടി5 ഭൂമിക്ക് യാതൊരു ഭീഷണിയുമില്ലാതെയാണ് രണ്ട് മാസക്കാലം ഭ്രമണം ചെയ്‌തത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവില്ലെങ്കിലും കറങ്ങിത്തിരിഞ്ഞ് 2024 പിടി5 ഛിന്നഗ്രഹം ഇനി ഭൂമിയുടെ ഭ്രമണപഥത്തിലെത്താൻ 2055 വരെ കാത്തിരിക്കണം.