CMDRF

കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണം; ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിവിധ തരം കരള്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാക്കിയെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഞ്ച് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നതായും മന്ത്രി വ്യക്തമാക്കി.

മദ്യപിക്കാത്ത ആള്‍ക്കാരില്‍ ഉണ്ടാകുന്ന കരള്‍ രോഗമായ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍.എ.എഫ്.എല്‍.ഡി) കൂടി വരുന്നതിനാല്‍ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളില്‍ എന്‍.എ.എഫ്.എല്‍.ഡി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്‍.എ.എഫ്.എല്‍ രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്‌കാന്‍ മെഷീന്‍ വാങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

Top