CMDRF

‌ഉത്തരകൊറിയയിൽ കൈവെച്ചാൽ അമേരിക്ക വിയർക്കും!

‌ഉത്തരകൊറിയയിൽ കൈവെച്ചാൽ അമേരിക്ക വിയർക്കും!
‌ഉത്തരകൊറിയയിൽ കൈവെച്ചാൽ അമേരിക്ക വിയർക്കും!

കൊറിയ! ജപ്പാന്റെയും ചൈനയുടെയും വലയത്തില്‍ ആയിരുന്ന കൊറിയ 1945 വരെ ജപ്പാന്റെ കോളനിയായിരുന്നു. 35 വര്‍ഷത്തോളം ജപ്പാന്‍ കൊറിയയെ അടക്കി ഭരിച്ചു. ഒരു ജാപ്പനീകരണം തന്നെ കൊറിയയുടെ പല ഭാഗങ്ങളെയും കേന്ദ്രീകരിച്ച് നടന്നു. ജപ്പാന്റെ അധീനതയില്‍ നിന്നും സ്വതന്ത്രരായി രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഒരേ സാംസ്‌കാരിക ഘടനയില്‍ കഴിഞ്ഞിരുന്ന നാട് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും പിന്‍ബലത്തില്‍ ഉത്തര- ദക്ഷിണ കൊറിയകളായി. ഇരു ചേരികളായി പരിണമിച്ചപ്പോള്‍ ഒപ്പം വളര്‍ന്നുവന്നത് പരസ്പരം പോരടിക്കാനുള്ള കിട മത്സരം കൂടിയായിരുന്നു. അടുത്തിടെ കണ്ട ബലൂണ്‍ യുദ്ധ തന്ത്രം വരെ അതിന്റെ തുടര്‍ക്കഥയാണ്. ഒന്നും രണ്ടുമല്ല, ആയിരത്തിലേറെ മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ടത്. മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച ബലൂണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പറന്ന് നടന്നു.

ഇത്തരം അതിരുകടന്ന നടപടികളില്‍ പ്രകോപിതരായ ദക്ഷിണ കൊറിയ 2018-ല്‍ ഒപ്പുവെച്ച കൊറിയന്‍ സമാധാനക്കരാര്‍ റദ്ദാക്കുമെന്ന താക്കീതാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിനുള്ള മറുപടിയായി നല്‍കിയത്. കൂടാതെ പതിവ് തിരിച്ചടിക്കല്‍ രീതിയായ ഉച്ചഭാഷിണി രീതിയും ദക്ഷിണ കൊറിയ മറന്നില്ല. ഉത്തര കൊറിയന്‍ വിരുദ്ധ പ്രചാരണവും, ഉത്തര കൊറിയന്‍ സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ദക്ഷിണ കൊറിയന്‍ പോപ്പ് സംഗീതവും ഉള്‍പ്പെടെ അതിര്‍ത്തിയില്‍ ഉച്ചഭാഷിണിയായി ഉത്തരകൊറിയയെ കേള്‍പ്പിച്ചു. ഉച്ചഭാഷിണിയില്‍ പ്രകോപിതനായ കിം തിരിച്ചടിച്ചാല്‍ ഒരുപക്ഷേ ഇനി സമാധാന കരാര്‍ ലംഘിക്കാന്‍ ദക്ഷിണ കൊറിയ മടികാണിച്ചെന്ന് വരില്ല.

പക്ഷേ ബലൂണ്‍ പറപ്പിക്കലും, വെല്ലുവിളികളും എല്ലാം കിമിന്റെ വെറും നേരംപോക്കായി വേണം കരുതാന്‍. പല ലോക രാജ്യങ്ങളുടെ പിന്തുണയും, വമ്പന്‍ മിസൈല്‍ ശേഖരങ്ങളുടെ കരുത്തുമുള്ള ഉത്തരകൊറിയക്ക് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ശരിക്കും. ഉത്തരകൊറിയന്‍ ആവനാഴിയില്‍ പിറന്ന ഏറ്റവും ശക്തമായ മിസൈലുകള്‍ക്ക് റഷ്യന്‍ മിസൈലുകളുമായുള്ള സാമ്യം, അവിടെയൊരു ബന്ധത്തിന്റെ സാധ്യത തള്ളിക്കളയാന്‍ സമ്മതിക്കുന്നില്ല. പല ലോക രാജ്യങ്ങളുമായുളള ഉത്തരകൊറിയയുടെ രഹസ്യബന്ധം വന്‍കിട ശക്തികള്‍ക്കുള്ള വെല്ലുവിളി തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൈക്കൊള്ളുന്ന ഉത്തരകൊറിയന്‍ പശ്ചാത്തലങ്ങളില്‍ പല രഹസ്യങ്ങളും കിം ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട്. മുതലാളിത്ത ശക്തിയായി ഉയര്‍ന്നുവന്ന ആഗോളഭീമന്‍മാരായ അമേരിക്കയെ വരെ വരുതിയിലാക്കാന്‍ കെല്‍പ്പുള്ള മിസൈല്‍ ശക്തിയായാണ് ഉത്തരകൊറിയ വളരുന്നത്.

ആയുധശേഖരങ്ങള്‍ കുന്നുകൂടുമ്പോള്‍ ആരെയാണ് ഉത്തരകൊറിയ വെല്ലുവിളിക്കുന്നത്. ലോകത്ത് മുഴുവന്‍ വില്ലന്‍ പരിവേഷമുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ജനങ്ങളെ അടക്കി ഭരിച്ചാണ് രാജ്യത്തിന്റെ ഭാവി കാത്ത് സൂക്ഷിക്കുന്നതെങ്കിലും മുതലാളിത്ത ശക്തികളെയാണോ കിം ലക്ഷ്യമിടുന്നത് എന്നതും ചോദ്യമായി ഉയരുന്നു. ആയുധ പ്രദര്‍ശനത്തിലൂടെയും പരീക്ഷണത്തിലൂടെയും ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തി നിര്‍ത്തുകയെന്ന തന്ത്രമാണ് കിമിന്റേത്. സഖ്യരാജ്യമായ സോവിയറ്റ് യൂണിയന്റെ ഉപദേശ തന്ത്രങ്ങളൊന്നും കിം കൈവിടാന്‍ വഴിയില്ല. അമേരിക്ക ഉത്തരകൊറിയയെ ലക്ഷ്യമിടാനുള്ള സാധ്യത വിരളമാണെങ്കിലും തള്ളിക്കളയാനുമാകില്ല. ഉത്തര കൊറിയയില്‍ ഒരു ആക്രമണം നടന്നാല്‍ അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുക ദക്ഷിണ കൊറിയയും ജപ്പാനുമാണ്. നേരത്തെ ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ലോകത്ത് ഇതുവരെ നടന്ന ഏറ്റവും ശക്തമായ ആണവ പരീക്ഷണമായി യുഎസും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിരുന്നു. ആരെ പേടിപ്പിക്കാനാണ് ഉത്തരകൊറിയ ഇത്തരമൊരു പരീക്ഷണം നടത്തിയത്.

ഒറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യത്തിന്റെ ബലമാണ് അവരുടെ സൈനീക ശക്തി. ഒപ്പം ഒളിഞ്ഞും തെളിഞ്ഞുമുള്ള മറ്റു വന്‍കിട ശക്തികളുടെ സഹായം കൂടെയാകുമ്പോള്‍ ഉത്തരകൊറിയ പോലെയൊരു രാജ്യത്തിനെ നേരിടാന്‍ അമേരിക്കയടക്കം ഇരുവട്ടം ആലോചിക്കണം. ഉത്തരകൊറിയയില്‍ കൈവെച്ചാല്‍ നടക്കാന്‍പോകുന്ന അടുത്ത യുദ്ധത്തിന്റെ നഷ്ടങ്ങള്‍ ചെറുതായിരിക്കില്ല. കിമ്മിനെ തകര്‍ത്താല്‍ അതു ഇരു കൊറിയകളെ മാത്രമല്ല, അയല്‍ രാജ്യമായ ചൈനയെയും ബാധിക്കുമെന്ന ഭയവും അമേരിക്കയ്ക്കുണ്ട്.

പ്രളയം, വെള്ളപ്പൊക്കം എന്നിവയുടെ ഫലമായി രാജ്യം കഠിനമായ ഭക്ഷ്യക്ഷാമം നേരിട്ടപ്പോഴും, മറ്റ് സാമ്രാജ്യത്വ ശക്തികളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായപ്പോഴും തിരിച്ചടികളും ഭീഷണിപ്പെടുത്തലുകളുമായി ഉത്തരകൊറിയയില്‍ ഒരു മിസൈല്‍ ശക്തി കിം വളര്‍ത്തിയെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കിമിന്റെ പടയൊരുക്കത്തെ പലരും പേടിക്കേണ്ടിയിരിക്കുന്നു. സൈനിക ചിട്ടയില്‍ സ്വന്തം ജനങ്ങളെ വളര്‍ത്തിയെടുക്കുന്ന കിമിന് അറിയാം ഐക്യത്തോടെ ഒപ്പം കൂട്ടി സ്‌നേഹിക്കുന്നതിനെക്കാള്‍ ഭയപ്പെടുത്തലില്‍ കിട്ടുന്ന ബഹുമാനമാണ് സുരക്ഷിതമെന്ന്.

REPORT: ANURANJANA KRISHNA

Top