ന്യൂഡൽഹി: രാജ്യത്ത് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബിൽ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ അവതരിപ്പിക്കാനൊരുങ്ങി ബി.ജെ.പി. പദ്ധതിയിടുന്നു. ബില്ല് നടത്തിപ്പിനായി മറ്റു പാർട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോഡി സർക്കാർ.
കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പരാമർശിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നാണ് സർക്കാറിന്‍റെ വാദം. ഇതുണ്ടാക്കാൻ പോകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചകൾ മോഡി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന വിമർശനങ്ങളും ഈ പദ്ധതിക്കെതിരെ ജനങ്ങൾക്കുണ്ട്. ഈ തിരഞ്ഞെടുപ്പ് രീതി ഉണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കുന്നു മോദി സർക്കാർ .ചൊവ്വാഴ്ച മൂന്നാം മോദി സർക്കാർ ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കുകയാണ്.
ALSO READ: അധികാരത്തിന്റെ ഇടനാഴികള്‍ അഴിമതി നിറഞ്ഞതായിരുന്നു; ഉപരാഷ്ട്രപതി
മൂന്നാം മോദി സര്‍ക്കാറില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ, നിലവിലുള്ള മുന്നണി ഭരണം കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്നും ആ കെട്ടുറപ്പ് ഈ ഭരണകാലയളവ് മുഴുവന്‍ തുടരുമെന്നുമാണ് ബി.ജെ.പി ഇപ്പോൾ കണക്കുകൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.
2029 മുതൽ ലോക്‌സഭ, നിയസമഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന് നിയമ കമീഷൻ റിപ്പോർട്ട് നൽകിയേക്കും.
പദ്ധതി നടപ്പാക്കാൻ സർക്കാർ തലത്തിൽ ഒരുക്കങ്ങൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. സമിതി 2024 മാര്‍ച്ചില്‍ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് സമിതി നിർദേശിച്ചത്. നിയമ കമീഷനും സമാന നിർദേശം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.