CMDRF

ഏറ്റവും വിലയുള്ള സുഗന്ധദ്രവ്യം “ഊദ്”

ഏറ്റവും വിലയുള്ള സുഗന്ധദ്രവ്യം “ഊദ്”
ഏറ്റവും വിലയുള്ള സുഗന്ധദ്രവ്യം “ഊദ്”

ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം ലഭിക്കുന്ന മരമാണ് ഇത്. ഊദ് എന്ന വാക്ക് അറബിയില്‍ നിന്നാണ് രൂപം കൊണ്ടത്. അറബിഭാഷയില്‍ വിറക്, കൊള്ളി എന്നൊക്കെയാണ് അര്‍ത്ഥം. 17 വിഭാഗങ്ങളില്‍ ഊദ് മരങ്ങള്‍ ലോകത്താകമാനം കാണാം. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഇവ ഉല്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ, മ്യാന്മാര്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഇന്ത്യയില്‍ ആസാമിലെ ഉള്‍ക്കാടുകളില്‍ മാത്രമേ ഈ മരം കാണാറുള്ളൂ. വിലയിലും ഗുണത്തിലും ഒന്നാം സ്ഥാനമാണ് ഊദിന് ഭാരതത്തില്‍. ഇംഗ്ലീഷില്‍ അഗര്‍വുഡ് എന്ന് വിളിക്കും. ഇതില്‍നിന്ന് ലഭിക്കുന്ന കറുത്ത കാതലായ ഭാഗം വാറ്റിയാണ് അത്തര്‍ സുഗന്ധദ്രവ്യം ഉണ്ടാക്കുന്നത്. ഒരു കിലോ അത്തരം കാതല്‍ തടിക്ക് ഏകദേശം 2 ലക്ഷം മുതല്‍ പത്തുലക്ഷം വരെ വിപണിയില്‍ വില ലഭിക്കും. പ്രധാനമായും അഞ്ചുതരം ഊദ് മരങ്ങളാണ് ഇന്ത്യയിലുള്ളത്. അതില്‍ മുന്തിയ ഇനമായ മൈക്രോ കാര്‍പ എന്ന മരത്തിനാണ് വില കൂടുതല്‍. ഊദ് മരത്തിന്റെ നല്ല രീതിയിലുള്ള വളര്‍ച്ചയ്ക്ക് കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും കണ്ടെത്തി ഊദ് തൈകള്‍ വെച്ചുപിടിപ്പിച്ചാല്‍, അഞ്ചുവര്‍ഷം കൊണ്ട് 28-30 ഇഞ്ച് വണ്ണമുള്ള മരമായി ഇതു മാറും. 40 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു വന വൃക്ഷം ആണിത്.

ഈ മരത്തില്‍ നിന്ന് വരുന്ന ദ്രാവകത്തിന് അതി തീഷ്ണ ഗന്ധമാണ്. ഈ ഗന്ധം വണ്ടുകളെ മരത്തിലേക്ക് ആകര്‍ഷിക്കുകയും വണ്ടില്‍ നിന്നു വരുന്ന എന്‍സൈം മരത്തില്‍ പ്രത്യേക പൂപ്പല്‍ബാധകളും ഉണ്ടാക്കുന്നു. പൂപ്പല്‍ ബാധ ഉണ്ടായാല്‍ ഈ മരം വലിയ ചിതല്‍പ്പുറ്റ് ആയി പോകുന്നു. യഥാര്‍ത്ഥത്തില്‍ ഈ ചിതല്‍പുറ്റ് ബാധിച്ച മരക്കഷ്ണം ആണ് അമൂല്യ സുഗന്ധദ്രവ്യം ആകുന്നത്. ഊദ് വെച്ചുപിടിപ്പിക്കുന്ന സ്ഥലത്ത് പോസിറ്റീവ് എനര്‍ജി ഉണ്ടാകുമെന്ന് പറയുന്നു. ഊദ് പുകക്കുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മാത്രമല്ല ഇതിന്റെ ഗന്ധം മാനസികമായ ഉണര്‍വ്വും പ്രധാനം ചെയ്യുന്നു. ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന എണ്ണയും ഏറെ ഔഷധമൂല്യമുള്ളതാണ്. ഇതില്‍നിന്ന് ലഭിക്കുന്ന എണ്ണ അരിമ്പാറ, ചൊറി, ആണിരോഗം, കുഷ്ഠം തുടങ്ങി അസുഖങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ ഔഷധമാണ്. ഇതിന്റെ എണ്ണയ്ക്ക് ആമ വാതവും സന്ധിവാതവും ശമിപ്പിക്കാനുള്ള കഴിവുണ്ട്. ഊദ് പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇക്കിള്‍ ശമിക്കുന്നത്. ഇതിന്റെ തൊലിയും തടിയും ഇട്ടു പുകച്ചാല്‍ അന്തരീക്ഷത്തിലെ അണുക്കളെ ഉന്മൂലനം ചെയ്യാം.

Top