പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുമ്പോള്‍ ഒരു മൂന്നാം ലോകയുദ്ധത്തിലേക്കാണ് ലോകം ആശങ്കയോടെ കണ്ണോടിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തും യുദ്ധത്തിന്റെ ഭീകരത മുഴങ്ങിക്കഴിഞ്ഞു. ഏതുനിമിഷവും ആണവായുധം പ്രയോഗിക്കാമെന്ന റഷ്യയുടെ ഭീഷണി ലോകരാജ്യങ്ങളുടെ തന്നെ സ്വസ്ഥതയെ പാടെ തകര്‍ത്തിരിക്കുന്നു; എന്നുവച്ചാല്‍ ലോകജനതയുടെ സമാധാനം കെടുത്തിയിരിക്കുന്നു. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനത്തിലാണ് മാനവരാശിയുടെ ചരിത്രത്തെ പാടെ തകര്‍ത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആണവായുധങ്ങള്‍ വര്‍ഷിച്ചത്. നാല് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് വന്‍ നഗരങ്ങളാണ് ചുട്ടെരിക്കപ്പെട്ടത്.
പുത്തന്‍ ആണവായുധങ്ങളും, മിസൈലുകളും ആയുധപ്പുരയില്‍ നിന്ന് പുറത്ത് ചാടുമ്പോള്‍ ആരാണ് ശക്തന്‍, ആരാണ് നിസ്സഹായന്‍ എന്നതിലൊന്നും ഉത്തരം കിട്ടുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ആയുധശേഖരമുള്ള രാജ്യമായ റഷ്യയ്ക്ക് നേരെ എന്ത് ധൈര്യത്തിലാണ് യുക്രെയിന്‍ യുദ്ധത്തിന് മുതിര്‍ന്നതെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. പണ്ട് സൗഹൃദത്തിലായിരുന്ന രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായ ചെറിയ അസ്വാരസ്യങ്ങളില്‍ അല്ല ഇപ്പോ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. 2022 മുതല്‍ ആരംഭിച്ച ഇരു രാജ്യങ്ങളുടെയും ശത്രുത വന്‍കരയും കടന്ന് ലോകശക്തികള്‍ തന്നെ ഇടപെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. പണ്ട് സോവിയറ്റ് യൂണിയനിലെ അംഗങ്ങളായിരുന്ന ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് പിന്നാലെ സ്വതന്ത്രരാവുകയായിരുന്നു. എന്നാല്‍ സ്വതന്ത്രരായതിന് പിന്നാലെ യുക്രെയിന്‍ പതിയെ കമ്മ്യൂണിസ്റ്റ് ചേരിവിട്ട് സോഷ്യലിസ്റ്റ് വിരുദ്ധരായ നാറ്റോയോട് അടുപ്പം കാണിച്ച് തുടങ്ങി. എന്നാല്‍ യുക്രെയിന്‍ നാറ്റോയില്‍ അംഗത്വമെടുത്താല്‍ അത് ലോകരാജ്യങ്ങള്‍ക്ക് തന്നെ വന്‍ തലവേദനയാകും. അമേരിക്കയുടെയും ചൈനയുടെയും ആയുധ ശേഖരങ്ങള്‍ യുക്രെയിന്റെ കൈവശമെത്തുന്നതോടെ നില വഷളാകും. വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനാണ് റഷ്യ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, യുദ്ധത്തില്‍ അമേരിക്കയുടെ പിന്‍ബലത്തില്‍ യുക്രെയിന്‍ ഇനിയും പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നാല്‍ റഷ്യ പ്രകോപിതരാകുമെന്ന് മാത്രമല്ല വേണ്ടിവന്നാല്‍ മാരക പ്രഹരശേഷിയേറിയ ആയുധങ്ങള്‍ തന്നെ പുറത്തെടുക്കുമെന്നതില്‍ സംശയമില്ല.
അമേരിക്ക കൂടെയുണ്ടെന്ന ധൈര്യത്തിലാണ് യുക്രെയിന്‍ ഇറങ്ങിയതെങ്കില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള പോരായി അത് മാറുമെന്നത് ഉറപ്പാണ്. 2014 മുതല്‍ ആരംഭിച്ച് എങ്ങുമെത്താതെ നില്‍ക്കുന്ന റഷ്യന്‍ – യുക്രെയിന്‍ സംഘര്‍ഷം വീണ്ടും വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ പിരിമുറുക്കം ശക്തമാണ്. അമേരിക്കയുടെ പിന്‍ബലമുണ്ടെങ്കിലും യുദ്ധം കലശലാകാത്ത യുക്രെയിന്റെയുള്ളില്‍ റഷ്യ സര്‍വനശീകരണകാരിയാകുമോ എന്ന ആശങ്കയുണ്ട്. ആ ഭയത്തിന് റഷ്യയിട്ട പേരാണ് സാത്താന്‍ 2. ലോകത്തിലെ തന്നെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലായ ആര്‍എസ് – 28 സാര്‍മാട്ട് കൈവശമാക്കിയതോടെ റഷ്യയോട് ഏറ്റുമുട്ടലിനൊരുങ്ങുന്ന ഏതൊരു രാജ്യവും രണ്ടാമതൊന്നുകൂടി ആലോചിക്കും. യുക്രെയിന്‍ മാത്രമല്ല സാത്താന്‍ 2 കൂടി യുദ്ധക്കളത്തില്‍ രംഗപ്രവേശം ചെയ്താല്‍ ലോകംതന്നെ ചിന്നിച്ചിതറാന്‍ തക്ക പ്രഹരമായിരിക്കും ഉണ്ടാകുക.
ഭൂമിയുടെ രണ്ട് ധ്രുവങ്ങളിലേക്കും എത്താന്‍ കെല്‍പ്പുള്ള പ്രഹരശേഷിയും 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുമുള്ള ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ കഴിവുള്ള മിസൈലാണ് സാത്താന്‍ 2. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്റെ മുന്നറിയിപ്പാണ് സാത്താന്‍ എന്നായിരുന്നു ലോകരാജ്യങ്ങള്‍ റഷ്യയുടെ ഈ നീക്കത്തെ പറ്റി വിശേഷിപ്പിച്ചിരുന്നത്. ആയുധശേഖരങ്ങളുടെ കൂട്ടത്തിലെ വമ്പനായി കൂട്ടിച്ചേര്‍ത്ത സാത്താനെ റഷ്യ പ്രയോഗിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം മുഴുവന്‍ അനുഭവിക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്. അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് പതിറ്റാണ്ടുകളോളം ആ രാജ്യത്തിന്റെ ജീവിതഗതിയെ മാറ്റിയത് പോലെയായിരിക്കില്ല, സാത്താന്റെ കൈ പതിഞ്ഞാല്‍ യുക്രെയിനും യുക്രെയിനെ സഹായിക്കാനെത്തിയ അമേരിക്കയ്ക്കും അടിത്തറ പോലുമുണ്ടാകില്ല. ലോക സൈനികശക്തിയെന്ന് അടിയുറച്ച് വിശ്വസിക്കുന്ന അമേരിക്കയുടെ സൈനികബലമൊന്നും സാത്താന് മുന്നില്‍ വിലപ്പോകില്ല. ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് തന്നെ ആദ്യമായിട്ടാണ്.
റഷ്യയുടെ പക്കലുള്ള ഏറ്റവും പ്രഹരശേഷിയുള്ള മാരക മിസൈലായ സാത്താനെ 2018 ലാണ് റഷ്യ ലോകത്തിന് മുന്നിലെത്തിക്കുന്നത്. ഏത് പ്രതിരോധ സംവിധാനവും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് സാത്താന്‍ 2 എന്നായിരുന്നു മിസൈല്‍ അവതരിപ്പിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്. പത്തോ അതില്‍ കൂടുതലോ പോര്‍മുനകള്‍ ഓരോ മിസൈലിലും ഉള്‍പ്പെടുത്താനാകും.. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണിതെന്നും ആര്‍എസ് 28 സാര്‍മാട്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് പുടിന്‍ പറഞ്ഞത് ശരിക്കും അമേരിക്ക പോലുള്ള യുദ്ധക്കൊതിയന്‍മാര്‍ക്കുള്ള ഒരു ഭീഷണിയായിട്ട് തന്നെയാണ്. 200 ടണ്ണിലേറെ ഭാരമുള്ള സാത്താന്‍ 16,000 മൈല്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ളതാണ്. ഭൂമിയിലെ ഏത് ലക്ഷ്യത്തേയും തകര്‍ക്കാന്‍ ശേഷിയുള്ള സാത്താന് ഭീഷണിമുഴക്കാന്‍ ഒരു സൈനികശക്തിക്കും സാധിക്കില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു മിസൈലിന്റെ വരവുകൂടിയായത് ലോകം ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയുടെ പിന്തുണയ്ക്കൊപ്പം സൈനിക ബലവും കൂടി ചേര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രെയിന് സാധിക്കുന്നുണ്ടെങ്കിലും അത് എത്രനാള്‍ എന്നതില്‍ സംശയമാണ്. ഒരു ശക്തമായ മിസൈല്‍ ആക്രമണം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അമേരിക്ക പോലും ഭയന്നോടാനുള്ള സാധ്യതയുണ്ട്.
റഷ്യയുടെ ആയുധ ശേഖരങ്ങളിലെ നട്ടെല്ലായ സാത്താന്‍ 2, വലിയ രീതിയിലുള്ള നശീകരണ ശേഷിയും കരുത്തുമുള്ളതാണ്. നേരത്തെ നാറ്റോയില്‍ ചേരാന്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ റഷ്യന്‍ പ്രതിരോധ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്സി ഷുറവ്ലിയോവ് ആര്‍എസ് 28 സാര്‍മാട്ടിനെ ഉപയോഗിക്കുമെന്ന് കാണിച്ചായിരുന്നു ഭീഷണി ഉയര്‍ത്തിയത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യയെ പിടിമുറുക്കാന്‍ പദ്ധതിയിടുന്ന സന്ദര്‍ഭത്തിലായിരുന്നു ഉപരോധ നടപടിയെന്നോണം റഷ്യ മിസൈല്‍ ഭീമനെ ലോകത്തിന് മുന്നിലെത്തിച്ചത്. ഉപഗ്രഹ അധിഷ്ഠിത റഡാര്‍, ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈല്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. പേര് പോലെ തന്നെ യുദ്ധക്കളത്തിലിറങ്ങിയാല്‍ സാത്താന്റെ പരിവേഷമായിരിക്കും ആര്‍എസ് 28 സാര്‍മാട്ടിന്. മുന്നിലെത്തുന്ന ഇരയെ വേരോടെ പിഴുതെറിയാന്‍ കെല്‍പ്പുള്ള സാത്താന്റെ പ്രഹരശേഷി ലോകത്തിന് താങ്ങാന്‍ സാധിക്കുമോ എന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. അമേരിക്കയും യുക്രെയിനും മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ പ്രതിഫലിക്കും. അതൊരുപക്ഷേ, കനത്ത നാശനഷ്ടങ്ങള്‍ തന്നെയായിരിക്കും സൃഷ്ടിക്കുക. റഷ്യയില്‍ പ്രത്യാക്രമണം നടത്താന്‍ തുനിയുന്ന ഏതൊരു ശത്രുവും രണ്ടാമതൊന്ന് ആലോചിക്കുന്നത് സ്വന്തം നിലനില്‍പ്പിന് നല്ലതായിരിക്കുമെന്ന് തന്നെ പറയാം.
നിലവില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ പ്രകോപിതരായി ഇസ്രേയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ നേരിടാന്‍ എല്ലാത്തരത്തിലുമുള്ള മുന്നൊരുക്കങ്ങളിലാണ് ഇറാന്‍. എന്നാല്‍ ഇസ്രയേലിന് നേരെ തിരിച്ചടിച്ചാല്‍, ഇസ്രയേലിന് ശക്തിപകരാന്‍ ഉറ്റ കൂട്ടാളിയായ അമേരിക്ക രംഗപ്രവേശനം ചെയ്യുമെന്നതും ഉറപ്പാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇറാന് വേണ്ടി റഷ്യയും യുദ്ധമുഖത്ത് പ്രവേശിച്ചേക്കാം. അതോടെ അമേരിക്കയും, ഇസ്രയേലും മാത്രമല്ല ലോകം തന്നെ മുള്‍മുനയിലായിരിക്കും. അമേരിക്കയില്‍ നിന്ന് ഇനിയൊരു പ്രകോപനമുണ്ടായാല്‍ അതില്‍ റഷ്യ നേരിട്ട് തന്നെ ഇടപെടുമെന്നതില്‍ സംശയമൊന്നുമില്ല. ഇനി അത്തരമൊരു സാഹചര്യം സൃഷ്ടിച്ച് ലോകത്തെ ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് തള്ളിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
1945 ഓഗസ്റ്റില്‍ അമേരിക്ക നടത്തിയ നരനായാട്ടിന്റെ വേദനകള്‍ ജപ്പാന്‍ ജനത തലമുറകള്‍ക്കിപ്പുറം ഇന്നും അനുഭവിക്കുന്നു. ഈ കൊടും ക്രൂരതയെ തള്ളിപ്പറയാനോ അതില്‍ ക്ഷമാപണം നടത്താനോ മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും അമേരിക്ക തയാറായിട്ടില്ലെന്നിടത്താണ് അമേരിക്കയുടെ ഇരട്ടത്താപ്പ് വെളിച്ചത്താകുന്നത്. ഇപ്പോഴിതാ മറ്റൊരു മൂന്നാം ലോകയുദ്ധത്തിനും അമേരിക്ക കോപ്പുകൂട്ടുകയാണ്. ഇനിയൊരു ആണവാക്രമണം ഉണ്ടായാല്‍ ലോകം അത് താങ്ങുമോ എന്നത് അതിപ്രധാനമാണ്. മൂന്നാം ലോകയുദ്ധം ലോകത്തെത്തന്നെ ഇല്ലാതാക്കുമെങ്കില്‍, മനുഷ്യനിലനില്‍പ്പിനെ തകര്‍ത്തുകളയുമെങ്കില്‍, പിന്നെന്തിനു വേണ്ടിയാണ് ഈ മത്സരങ്ങള്‍ എന്ന ചോദ്യം താത്വികമല്ല; സ്വസ്ഥത കെടുത്തുന്ന തീയാണ്.
REPORT:ANURANJANA KRISHNA