വേനൽ അവസാനിച്ച് വർഷം വരുമ്പോൾ കൂണുകൾ പൊട്ടി മുളക്കുംപോലെ പൊങ്ങിവരുന്നൊരു വിഷയമാണ് മുല്ലപെരിയാർ അണക്കെട്ട്. മഴക്കാലം കഴിയുന്നതോടെ ഈ വിഷയം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കേവലം 50 വർഷം മാത്രം സുരക്ഷാ കാലാവധിയുള്ള മുല്ലപ്പെരിയാർ ഡാം 130 വർഷങ്ങൾ പിന്നിടുമ്പോഴും, ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന ധൈര്യം കൊണ്ടാണോ, അതോ പ്രതികരിച്ചിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് കൊണ്ടാണോ, ആളുകൾ ഈ വിഷയത്തെ വേണ്ടപോലെ കൈകാര്യം ചെയ്യുന്നില്ല. ഇന്നല്ലെങ്കിൽ നാളെ കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ വിഴുങ്ങി കളഞ്ഞേക്കാവുന്ന വൻ അപകടമാണ് മുല്ലപെരിയാർ ഡാമിന് പിന്നിൽ പതിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരും, ഗവണ്മെന്റും വേണ്ടവിധത്തിൽ ഈ വിഷയം കൈകാര്യം ചെയ്യുന്നില്ല, ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നില്ല എന്നത് ഇന്നും കേരളത്തിലെ ഒരുഭാഗം ജനങ്ങളുടെ ഉള്ളിൽ ഒരു ഭീതിയായി തന്നെ നിലനിൽക്കുന്നുണ്ടാവാം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ ഈ വിഷയത്തിൽ ഒരു അയഞ്ഞ മനോഭാവം സ്വീകരിക്കുമ്പോൾ നിസ്സഹായാവസ്ഥയിലാകുന്നത് പൊതുജനങ്ങളാണ്.
ഇടുക്കി ജില്ലയിലെ തേക്കടിയിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിന് വിഷയമാണ് ഈ അണക്കെട്ട്. ജലനിരപ്പുയർത്തണമെന്നു തമിഴ്‌നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നു പറഞ്ഞ് കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്യുന്നത് പതിവ് സംഭവമാണ്. ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ അണകെട്ട്. നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു, സുർഖി മിശ്രിതമുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്.
1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ഉയർന്നുവന്നത്. കാലപ്പഴക്കംചെന്ന അണക്കെട്ടിന് ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിന്റെ താഴ്‌വരയിൽതാമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്ന് ആദ്യകാലങ്ങളിലേ ഉയർന്നു വന്നിരുന്ന വിഷയമാണ്. വലിയൊരു അപകടം വരാനിരിക്കുന്ന സന്ദർഭത്തിലും അണക്കെട്ടിൽ സംഭരിക്കുന്ന ജലത്തിന്റെ അളവ് കൂട്ടണമെന്ന് തുടരെ തുടരെ ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു തമിഴ്നാട് ഗവണ്മെന്റ്. എന്നാൽ ഇത്രയും പഴക്കംചെന്ന അണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക് അതു ഭീഷണിയാകുമെന്നാണു കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം.
2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ഇരട്ടിച്ചത്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഇനി ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിഞ്ഞെന്നുവരില്ല. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ കാലപ്പഴക്കത്തിൽ ഏറെ ഭാഗം ഒഴുകിപ്പോയി. അതുമാത്രമല്ല മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം സോൺ മൂന്നിലാണ്, റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാവുന്ന മേഖലയാണ് സോൺ മൂന്ന് എന്നറിയപ്പെടുന്നത്. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങുന്ന സാഹചര്യമുണ്ടായാൽ, വെള്ളം മുകളിലൂടെ അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും അതോടെ അണക്കെട്ട് നിലം പതിക്കുകയും ചെയ്യാം. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയോ, നിരങ്ങിമാറുകയോചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് നിലംപതിച്ചത് ഇപ്രകാരം ആയിരുന്നു.
മുല്ലപ്പെരിയാർ ഡാം തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകാൻ സാധ്യതയുണ്ട്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ എഴുപതിനായിരത്തോളം പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ മുപ്പതിനായിരത്തോളം പേരും തമിഴ് വംശജരാണെന്നത് മറ്റൊരു കാര്യം. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. അങ്ങനെവന്നാൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.
പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണു വിലയിരുത്തൽ. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂർത്തിയായി. പരിസ്‌ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിൻ്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്. നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിൻ്റെ പാരിസ്‌ഥിതിക ആഘാത പഠനനീക്കവുമായി കേരളം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. തമിഴ്‌നാടിൻ്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുവാദം നൽകരുതെന്നുള്ള കത്ത് ഔദ്യോഗികമായി പരിസ്‌ഥിതി മന്ത്രാലയത്തിനു നൽകണം എന്ന നീക്കമാണ് സ്വീകരിച്ചിരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നടത്തേണ്ട സ്വതന്ത്ര പരിശോധനയ്ക്കു പരിഗണിക്കേണ്ട വിഷയങ്ങൾ തയാറാക്കാനുള്ള കേന്ദ്ര ജല കമ്മിഷൻ്റെ ആവർത്തിച്ചുള്ള നിർദേശം ലഭിച്ച് 5 മാസം പിന്നിട്ടിട്ടും തമിഴ്‌നാട് പ്രതികരിച്ചിരുന്നില്ല. ഡാം സുരക്ഷാ നിയമം വന്ന് 5 വർഷത്തിനുള്ളിൽ ഇതു നടത്തിയാൽ മതിയെന്നും അതനുസരിച്ച് പരിശോധനയ്ക്ക് 2026 വരെ സമയമുണ്ടെന്നുമായിരുന്നു തമിഴ്‌നാടിൻ്റെ നിലപാട്.പുതിയ അണക്കെട്ടിനായി ഡിപിആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. ആദ്യ ഡിപിആർ 2011 ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെ നിന്നു 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കാണാൻ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതേസമയം, ഇടുക്കി വട്ടവടയിൽ ചിലന്തിയാറിലെ തടയണ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു. അതുകൂടാതെ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പാരിസ്‌ഥിതിക അനുമതി നേടാനുള്ള കേരളത്തിൻ്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിനും കത്തു നൽകി. സുപ്രീംകോടതി ഉത്തരവു മറികടന്നുള്ളതാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്‌നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നുണ്ട്. പാരിസ്‌ഥിതിക ആഘാത പഠനം നടത്തണമെന്ന എന്ന കേരളത്തിന്റെ ആവശ്യം പരിസ്‌ഥിതി മന്ത്രാലയത്തിൻ്റെ വിദഗ്‌ധ സമിതി 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി ഉൾപ്പെടുത്തിയതിനെ തുടർന്നാണു പ്രതിഷേധവുമായി തമിഴ്‌നാട് രംഗത്തെത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്‌നാട് ഔദ്യോഗികമായി പരിസ്‌ഥിതി മന്ത്രാലയത്തിനു നൽകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് കേരളം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മുല്ലപ്പെരിയാർ വിഷയം എന്തായി തീരുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കേരളത്തിന് അനുകൂലമായ നടപടികൾ വരുമോ? അതോ എന്നത്തേയുംപോലെ തന്നെ മഴക്കാലം കഴിയുന്നതോടെ ഈ വിഷയം കെട്ടടങ്ങി പോകുമോ എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു.