CMDRF

മുവാറ്റുപുഴയിലെ യുവതിയുടെ കൊലപാതകം; സുഹൃത്തിനെ അറസ്റ്റ് ചെയ്തു

മുവാറ്റുപുഴയിലെ യുവതിയുടെ കൊലപാതകം; സുഹൃത്തിനെ അറസ്റ്റ് ചെയ്തു
മുവാറ്റുപുഴയിലെ യുവതിയുടെ കൊലപാതകം; സുഹൃത്തിനെ അറസ്റ്റ് ചെയ്തു

എറണാകുളം: ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് വീട്ടില്‍ സിംന ഷക്കീര്‍ (37) ആണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ വെസ്റ്റ് പുന്നമറ്റം കക്കടാശ്ശേരി തോപ്പില്‍ ഷാഹുല്‍ അലി (33) യാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ രണ്ട് മക്കളും ആശുപത്രി പരിസരത്തുണ്ടായിരുന്നു

ഈസ്റ്റര്‍ ഞായറില്‍ വൈകീട്ട് മൂന്നുമണിയോടെ മാതൃ-ശിശു പരിപാലന ബ്ലോക്കിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ കാണാനും കൂട്ടിരിക്കാനും മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു സിംന. മാതൃ-ശിശുപരിപാലന ബ്ലോക്കിനു മുന്നിലെ ചില്ല് വാതില്‍ തുറന്നെത്തുന്ന സ്ഥലത്താണ് അക്രമം നടന്നത്.

പിന്നില്‍നിന്നു പിടിച്ച് കഴുത്ത് മുറിക്കുകയും പുറത്തും കഴുത്തിനു പിന്നിലും കുത്തുകയും ചെയ്തു. കമിഴ്ന്നു വീണുകിടന്ന സിംന രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വലിയ കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് കുത്തേറ്റ നിലയില്‍ സിംന വീണുകിടക്കുന്നത് കണ്ടത്. സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ആശുപത്രിയിലെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പരിശോധന നടത്തി.

സംഭവശേഷം കടന്നുകളഞ്ഞ ഷാഹുലിനെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിക്കു സമീപത്തുനിന്ന് പൊലീസ് പിടികൂടി. കത്തിക്കു വേണ്ടിയുള്ള പിടിവലിയില്‍ ഷാഹുലിന്റെ രണ്ട് കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഷാഹുലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൂവാറ്റുപുഴ മാര്‍ക്കറ്റിലെ പെയിന്റ് കടയില്‍ തൊഴിലാളിയായ ഷാഹുല്‍ അലിയും പെരുമറ്റത്തെ കര്‍ട്ടന്‍ കടയില്‍ ജീവനക്കാരിയായ സിംനയും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. സൗഹൃദത്തിലുണ്ടായ വിള്ളലാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടാഴ്ച മുന്‍പ് സിംന ജോലിചെയ്യുന്ന കടയിലെത്തി ഷാഹുല്‍ ഭീഷണി മുഴക്കിയതിന് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സിംനയുടെ ഭര്‍ത്താവ്: ഷക്കീര്‍. മക്കള്‍: സാഹിര്‍, സഹാന, സഫ്വാന. ഷാഹുലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. സിംനയുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച മൃതദേഹ പരിശോധന നടത്തും.

Top