കൊല്‍ക്കത്ത: ആർജി.കർ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ, സിബിഐ അന്വേഷണത്തെകുറിച്ച് പരാമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാന പൊലീസിന് ഈ ആഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനായില്ലെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് മമത അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ട് സംസാരിച്ച മമത, കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചയായിരുന്നു രാജ്യത്തെ നടുക്കിയ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളേജിലെ സെമിനാർ ഹാർഡിനുള്ളിൽ അർദ്ധനഗ്നയായ നിലയിലായിരുന്ന മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു, ക്രൂരമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.സംഭവത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂഡൽഹി ,മുംബൈ ,കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഡോക്ടർമാർ അടിയന്തര ചികിത്സ അല്ലാതെ മറ്റ് എല്ലാ സേവനങ്ങളും നിർത്തിവച്ച് സമരം ചെയ്യും എന്നാണ് പ്രഖ്യാപനം. അതിനിടെ, ആര്‍.ജി. കര്‍ മെഡി.കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഞായറാഴ്ചയാണ് സൂപ്രണ്ടിനെതിരേ നടപടിയുണ്ടായത്. ഇതിനുപിന്നാലെ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടര്‍മാരുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിന്‍സിപ്പലിന്റെ രാജി.