സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് വേട്ടയൻ. ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. ”മനസ്സിലായോ” എന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഞ്ജു വാര്യരുടേയും രജനികാന്തിന്റെയും തകർപ്പൻ ഡാൻസുമായെത്തിയ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ഗാനം ആലപിച്ചയാളായിരുന്നു. വർഷങ്ങൾക്ക് മുൻപ് അന്തരിച്ച ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദം എഐ സഹായത്തോടെ സംഗീതസംവിധായകൻ പുനഃസൃഷ്ടിക്കുകയായിരുന്നു. സംഗീത പ്രേമികളുടെ ഫേവറേറ്റ് ലിസ്റ്റിലിടം പിടിച്ച അനുരുദ്ധാണ് ഇതിന്റെ പിറകിൽ.
ALSO READ: ‘അമേരിക്കൻ ചതിയുടെ കളങ്കം പേറുന്ന രാജവാഴ്ച’ ലോകം കാത്തിരുന്നത് ഈ 18 കാരനായി
അനിരുദ്ധ്, എ ഐ സഹായത്തോടെ മലേഷ്യാ വാസുദേവന്റെ ശബ്ദം , അദ്ദേഹത്തിന്റെ മകൻ യുഗേന്ദ്രൻ എന്നിവരാണ് മനസിലായോ എന്ന തട്ടുപൊളിപ്പൻ ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബ്ബുവും വിഷ്ണു എടവനുമാണ് ഗാനം രചിച്ചത്. ഗാനം വലിയ ശ്രദ്ധനേടിയതോടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഗുഗേന്ദ്രൻ വാസുദേവൻ. സന്തോഷ നിമിഷം എന്നു പറയുന്നതിനേക്കാൾ വൈകാരിക നിമിഷം എന്നു വിളിക്കുന്നതാകും ശരിയെന്ന് ഒരു പ്രമുഖ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രജനികാന്താണ് വാസുദേവന്റെ ശബ്ദം നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
” അനിരുദ്ധിന്റെ ടീമിൽ നിന്നു വിളിച്ചപ്പോൾ ഞാൻ കരുതി എന്തോ റീമിക്സ് ചെയ്യാൻ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത് ” വികാരഭരിതനായി യുഗേന്ദ്രൻ പറഞ്ഞു. മനസിലായോ എന്ന പാട്ടിലെ പ്രധാനഭാഗം യുഗേന്ദ്രൻ പാടിയശേഷം എ.ഐയുടെ സഹായത്തോടെ മലേഷ്യാ വാസുദേവന്റെ ശബ്ദത്തിലേക്ക് കൺവെർട്ട് ചെയ്യുകയായിരുന്നു. ഈ നടപടിക്രമത്തിന്റെ ഭാഗമായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
തങ്ങളുടെ കുടുംബത്തിന് നന്ദി പറഞ്ഞ് കൊണ്ട് പാട്ടിറങ്ങിയപ്പോൾ തനിക്ക് വാട്ട്സാപ്പിൽ രജനികാന്തിന്റെ ശബ്ദസന്ദേശം വന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 27 വർഷങ്ങൾക്ക് മുൻപാണ് മലേഷ്യാ വാസുദേവൻ അവസാനമായി രജനികാന്തിനുവേണ്ടി പാടിയത്. 2011-ലാണ് അദ്ദേഹം അന്തരിച്ചത്.